കാസർകോട് അതിർത്തി പ്രദേശങ്ങളുടെ പേരുമാറ്റം; പിന്മാറണമെന്ന് കർണാടക
കേരളത്തിന് കത്തെഴുതി
ബെംഗളൂരു : കാസർകോട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലെ സ്ഥലപ്പേരുകൾ മാറ്റുന്നതിൽനിന്ന് കേരളം പിന്മാറണമെന്ന് കർണാടക. തുളു-കന്നഡ ശൈലിയിലുള്ള പേരുകൾ മലയാള ശൈലിയിലേക്ക് മാറ്റുന്നതിനെതിരേ കർണാടക അതിർത്തി മേഖല വികസന അതോറിറ്റിയും കർണാടക വികസന അതോറിറ്റിയുമാണ് രംഗത്തെത്തിയത്.
കാസർകോട്ടെ അതിർത്തി പ്രദേശത്തുള്ളവരുടെ വികാരം ഹനിക്കുന്ന തീരുമാനത്തിൽനിന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിൻമാറണമെന്നാവശ്യപ്പെട്ട് കേരള സർക്കാരിന് കത്തെഴുതിയതായി കർണാടക അതിർത്തി മേഖല വികസന അതോറിറ്റി ചെയർപേഴ്സൺ സി. സോമശേഖർ അറിയിച്ചു. കേരളവുമായി ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് കർണാടക ചീഫ് സെക്രട്ടറി പി. രവികുമാറിന് നിവദേനം നൽകി.
കന്നഡ സംസ്കാരവും പാരമ്പര്യവും ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന പേരുകൾ മാറ്റിയാൽ നിയമപരമായി നേരിടുമെന്ന് കർണാടക വികസന അതോറിറ്റി ചെയർപേഴ്സൺ ടി.എസ്. നാഗഭരണ പറഞ്ഞു. മൈസൂരു എം.പി. പ്രതാപ് സിംഹയും കന്നഡ ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ള കേരളത്തിലെ ഗ്രാമങ്ങളുടെ പേര് മാറ്റുന്നതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
പേരുമാറ്റുന്ന സ്ഥലങ്ങൾ (ബ്രാക്കറ്റിൽ മലയാളത്തിലേക്ക് മാറ്റുന്ന വിധം): മഞ്ചേശ്വര (മഞ്ചേശ്വരം), ബേഡഡുക്ക (ബേഡകം), കാറട്ക്ക (കാഡഗം), മദ്ദൂരു (മദ്ദൂർ), മല്ല (മല്ലം), ഹൊസദുർഗ (പുതിയകോട്ട), കുബളെ (കുംബള), പിലികുഞ്ചെ (പുലികുന്ന്), ആനേബാഗിലു (ആനേബാഗിൽ), നെല്ലികിഞ്ജ (നെല്ലിക്കുന്ന്), ശശിഹിത് ലു (ശൈവളപ്പ്).