കണ്ണൂർ ഇരിട്ടിയിൽ പച്ചക്കറിവണ്ടിയിൽ കടത്തിയ 120 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി; രണ്ടുപേർ പിടിയിൽ
ഇരിട്ടി : കർണാടകത്തിൽനിന്ന് പച്ചക്കറിയുടെ മറവിൽ കടത്തുകയായിരുന്ന 120 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി. കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ ഇൻസ്പെക്ടർ കെ.എ. അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടുന്നത്.
ഇതുമായി ബന്ധപ്പെട്ട് ചക്കരക്കല്ലിലെ മുട്ടിണ്ട വളപ്പിൽ വീട്ടിൽ ഇസ്മായിൽ (48), സഹായി രാജസ്ഥാൻ സ്വദേശി സാക്കിർ (35) എന്നിവരെ പിടികൂടി. കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തു. 12000 ത്തോളം പാക്കറ്റുകൾ എട്ട് ചാക്കുകളിലായി പച്ചക്കറിക്കിടയിൽ ഒളിപ്പിച്ചനിലയിലായിരുന്നു ഹാൻസ് ഇനത്തിൽപെട്ട പുകയില ഉത്പന്നങ്ങൾ.
പ്രിവന്റീവ് ഓഫീസർമാരായ കെ.പി. പ്രമോദ്, എൻ.വി. പ്രവീൺ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി. അഭിലാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ആദർശ്, പി.വി. അഭിജിത്ത് എന്നിവരും പിടികൂടിയ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.