കാമുകനൊപ്പം പോകാൻ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഫേസ്ബുക്ക് കാമുകൻ ബന്ധുവായ സ്ത്രീയോ?
കൊല്ലം: കാമുകനൊപ്പം പോകാൻ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് നിർണായ വിവരങ്ങൾ. യുവതിയുടെ ‘ഫേസ്ബുക് കാമുകനെ’ തേടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇതിനായി സൈബർ സെൽ വഴി ഫേസ്ബുക്കിന്റെ സഹായം തേടിയിട്ടുണ്ട്.കേസിലെ പ്രതിയായ രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ബന്ധുക്കളായ രണ്ട് യുവതികൾ ആത്മഹത്യ ചെയ്തിരുന്നു. ഭർതൃ സഹോദരന്റെ ഭാര്യ ആര്യ, ഭർത്താവിന്റെ സഹോദരിയുടെ മകൾ ഗ്രീഷ്മ എന്നിവരാണ് ഇത്തിക്കരയാറ്റിൽ ചാടി ജീവനൊടുക്കിയത്.
യുവതികളിൽ ഒരാൾ വ്യാജ ഐഡിയിലൂടെ രേഷ്മയെ കബളിപ്പിക്കാൻ ശ്രമിച്ചതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.ആര്യയുടെയും ഗ്രീഷ്മയുടെയും ഫോൺ കോളുകളും, ഫേസ്ബുക്ക് അക്കൗണ്ടും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.അനന്ദു എന്ന പേരിലെ ഫേസ്ബുക്ക് ഐഡിയിൽ നിന്നാണ് രേഷ്മയ്ക്ക് മെസേജുകൾ എത്തിയിരുന്നത്. ഒരിക്കൽ പോലും നേരിൽ കാണാത്ത ഈ സുഹൃത്ത് പറഞ്ഞതുകൊണ്ടാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്ന് യുവതി പറഞ്ഞിരുന്നു. ആര്യയുടെ പേരിലുള്ള സിം കാർഡാണ് ഫേസ്ബുക്ക് കാമുകനുമായി ചാറ്റ് ചെയ്യാൻ രേഷ്മ ഉപയോഗിച്ചിരുന്നത്. ഇതിനെപ്പറ്റി ചോദിച്ചറിയാൻ ആര്യയോട് പൊലീസ് സ്റ്റേഷനിലെത്താൻ നിർദ്ദേശിച്ചിരുന്നു. പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ ആര്യ അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. ഗ്രീഷ്മ എന്തിനാണ് മരിച്ചത് എന്ന കാര്യത്തിൽ ദുരൂഹതയുണ്ടായിരുന്നു.