മരംമുറി വിവാദത്തിൽ റവന്യൂ വകുപ്പിനെ വിമർശിച്ച് വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.വീഴ്ച സംഭവിച്ചു, കടത്തിയത് 15 കോടിയുടെ മരങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ മരംമുറി വിവാദത്തിൽ റവന്യൂ വകുപ്പിനെ വിമർശിച്ച് വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഒമ്പതു ജില്ലകളിൽ നടന്ന മരംകൊള്ള കണ്ടെത്തുന്നതിലും തടയുന്നതിലും റവന്യൂവകുപ്പിന് വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.വിജിലന്‍സ് ചുമതലയുള്ള മുഖ്യ വനപാലകനാണ് വനംവകുപ്പിന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരങ്ങള്‍ മുറിച്ചു കടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 15 കോടിയുടെ മരങ്ങളാണ് കടത്തിയതെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.ഒമ്പത് ജില്ലകളിലായി 2400 ഓളം വലിയ മരങ്ങളാണ് ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് മുറിച്ചുകടത്തിയത്. ഇതിൽ ഏറെയും തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങളാണെന്നും റവന്യൂ ഉദ്യോഗസ്ഥർ നിസംഗത പാലിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.