166 സെന്റീമീറ്റർ ഉയരമുള്ള ഒരാൾ തന്നേക്കാൾ 19 സെന്റീമീറ്റർ മാത്രം ഉയരമുള്ള ജനൽകമ്പിയിൽ എങ്ങനെ തൂങ്ങും? കിരൺ പറഞ്ഞതെല്ലാം പച്ചക്കള്ളം, വിസ്മയയെ കൊന്നതോ?
ശാസ്താംകോട്ട: മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരൺ കുമാർ കൂടുതൽ കുരുക്കിലേക്ക്. യുവതിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.ഭർത്താവിന്റൈ മാനസിക പീഡനം കൊണ്ട് പൊറുതിമുട്ടിയ വിസ്മയ ആശ്വാസത്തിനായി എറണാകുളത്തെ കൗൺസിലിംഗ് വിദഗ്ദ്ധനെ സമീപിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു കൗൺസിലിംഗ്. തന്റെ പഠനം മുടങ്ങിപ്പോകുമെന്ന ഭയം വിസ്മയയ്ക്കുണ്ടായിരുന്നു.താൻ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് വിസ്മയ സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇവരുടെയൊക്കെ മൊഴികൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഒന്നാം വിവാഹവാർഷികം ആഘോഷിച്ചെങ്കിലും അതിന്റെ ചിത്രങ്ങൾ വിസ്മയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. അതിനെക്കുറിച്ച് ചോദിച്ച സുഹൃത്തിനോട് ഭർത്താവിൽ നിന്ന് നേരിടുന്ന പീഡനത്തെക്കുറിച്ച് വിസ്മയ പറഞ്ഞിരുന്നു. ഇതും കിരണിനെതിരെ നിർണായക തെളിവാകും.വിസ്മയ ആത്മഹത്യ ചെയ്യില്ല, കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് തന്നെയാണ് ഉറ്റവർ ഇപ്പോഴും വിശ്വസിക്കുന്നത്. അങ്ങനെ വിശ്വസിക്കാൻ അവർക്ക് ചില കാരണങ്ങളുമുണ്ട്.തറയിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽകമ്പിയിൽ വിസ്മയ തൂങ്ങിമരിച്ചെന്നാണ് കിരണും കുടുംബവും പറയുന്നത്. എന്നാൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തന്നെക്കാൾ 19 സെന്റിമീറ്റർ മാത്രം ഉയരമുള്ള ജനൽ കമ്പിയിൽ എങ്ങനെ തൂങ്ങിമരിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്.