സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍: സി സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി
കണ്ണൂര്‍:രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഡിവൈഎഫ്ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സി സജേഷിനെ പുറത്താക്കി. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റിയാണ് നടപടിയെടുത്തത്. സംഘടനയ്ക്കു യോജിക്കാത്ത തരത്തില്‍ സാമൂഹിക വിരുദ്ധ സംഘങ്ങളുമായി സജേഷ് ബന്ധം പുലര്‍ത്തിയെന്ന് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍നിന്നാണ് സജേഷിനെ പുറത്താക്കിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് അന്വേഷണസംഘം കരുതുന്ന അര്ജുന് ആയങ്കി നിലവില്‍ ഉപയോഗിക്കുന്ന വാഹനം സജേഷിന്റെ പേരിലുള്ളതാണ്. അര്ജുന് സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതും ഈ വാഹനമായിരുന്നു. സ്വര്‍ണക്കടത്തു സംഘവുമായി ബന്ധമുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ സിപിഎം, ഡിവൈഎഫ്ഐ ഉന്നതനേതൃത്വങ്ങള്‍ അറിയിച്ചിരുന്നു. നേരത്തെ അര്ജുന് ഉപയോഗിക്കുന്ന വാഹനം തന്റേതാണെന്ന് കണ്ണൂര്‍ ഡിവൈഎസ്പിയെ സജേഷ് അറിയിച്ചിരുന്നു. ആശുപത്രി ആവശ്യത്തിനു വേണ്ടി വാഹനം നല്‍കിയതായിരുന്നുവെന്നും എന്നാല്‍ ഇതുവരെ തിരിച്ചേല്‍പിച്ചിട്ടില്ലെന്നും സജേഷ് പറഞ്ഞു. അര്‍ജുനുമായി അടുത്ത ബന്ധം സ്ഥിരീകരിച്ചിട്ടും സജേഷിനെതിരെ നടപടിയെടുക്കാത്തതില്‍ ഡിവൈഎഫ്ഐക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.