സ്വപ്ന പ്രോജക്ടിനെപ്പറ്റി മനസുതുറന്ന് നടൻ പൃഥ്വിരാജ്. ബ്രഹ്മാണ്ഡ ചിത്രമായ കാളിയനെപ്പറ്റിയുളള പ്രതീക്ഷകളാണ് താരം പങ്കുവച്ചത്
സ്വപ്ന പ്രോജക്ടിനെപ്പറ്റി മനസുതുറന്ന് നടൻ പൃഥ്വിരാജ്.മനസിൽ ഭയങ്കരമായി താലോലിച്ച് കൊണ്ട് നടക്കുന്ന ഒരു തിരക്കഥയാണ് കാളിയന്റേത് എന്നാണ് നടൻ പറയുന്നത്.തുടക്കം മുതൽ അവസാനം വരെ തനിക്ക് പറയാൻ സാധിക്കുന്ന സ്ക്രിപ്റ്റാണ്. പക്ഷേ വളരെ വലിയ സിനിമയാണ്. ഒരു കാരണവശാലും പരിമിതമായ സാഹചര്യത്തിൽ ഷൂട്ട് ചെയ്യാൻ സാധിക്കില്ലെന്നും നടൻ പറയുന്നു. തുടങ്ങിയാൽ നിർത്താതെ ഷൂട്ട് ചെയ്യുവാൻ സാധിക്കുന്ന സാഹചര്യത്തിൽ മാത്രമേ സിനിമയുടെ ഷൂട്ട് ആരംഭിക്കുകയുളളൂ. അതുകൊണ്ട് സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ വർക്ക് തുടങ്ങുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.പതിനേഴാം നൂറ്റാണ്ടിൽ വേണാടിൽ ജീവിച്ചിരുന്ന കുഞ്ചിരക്കോട്ട് കാളിയുടെ കഥയെ ആസ്പദമാക്കിയുളള കഥയാണ് കാളിയൻ പറയുന്നത്. ഇതിഹാസ യോദ്ധാവായിരുന്ന ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്തനായ ശിഷ്യനായിരുന്നു കാളിയൻ. ഇരവിക്കുട്ടി പിള്ള ചരിത്രത്തിന്റെ ഭാഗമായെങ്കിലും കാളിയനെ ആരും അറിയാതെ പോവുകയായിരുന്നു.പൃഥ്വിരാജാണ് കാളിയനായി ചിത്രത്തിന്റെ ടൈറ്റിൽ റോളിലെത്തുന്നത്. തമിഴ് നടൻ സത്യരാജാണ് ഇരവിക്കുട്ടി പിള്ളയുടെ കഥാപാത്രം അഭിനയിക്കുന്നത്. എസ് മഹേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് ബി ടി അനിൽകുമാറാണ്. ശങ്കർ എഹ്സാൻ ലോയ് ആണ് സംഗീതം. സുജിത് വാസുദേവാണ് ക്യാമറ.