ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോൾ സത്യം പുറത്തു,വന്നു വസ്ത്ര നിർമ്മാണ ശാലയുടെ ഉടമയെ കഞ്ചാവ് കേസിൽ കുടുക്കിയത് വിവാഹാഭ്യാർത്ഥന നിരസിച്ചതിന്
തിരുവനന്തപുരം: നഗരത്തിലെ വസ്ത്ര നിർമ്മാണ സ്ഥാപനമായ വഴുതക്കാട്ടെ വീവേഴ്സ് വില്ലേജിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിനെ തുടർന്ന് ഉടമയായ സംരംഭക അറസ്റ്റിലായ കേസിൽ വൻ വഴിത്തിരിവ്. ഉടമയായ ശോഭ വിശ്വനാഥിനെ കുടുക്കാൻ മുൻ സുഹൃത്ത് സ്ഥാപനത്തിലെ പഴയ ജീവനക്കാരുമായി ചേർന്ന് നടത്തിയ ചതിയായിരുന്നു സംഭവമെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.850 ഗ്രാം കഞ്ചാവാണ് ജനുവരി 31ന് വീവേഴ്സ് വില്ലേജിൽ നിന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ ഉടമ ശോഭ വിശ്വനാഥിനെ നർകോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്തു. എന്നാൽ പിന്നീട് ഇവർക്ക് ബന്ധമുളളയിടങ്ങളിൽ പരിശോധന നടത്തിയിട്ടും മറ്റ് തെളിവൊന്നും കിട്ടിയില്ല. ഇവിടങ്ങളിലെല്ലാം തെളിവെടുപ്പിന് ശോഭയെയും കൊണ്ടുപോയിരുന്നു.തുടർന്ന് മുഖ്യമന്ത്രിയ്ക്ക് ശോഭ പരാതി നൽകി. ഇതോടെ ക്രൈം ബ്രാഞ്ച് കേസിൽ അന്വേഷണം തുടങ്ങി. നല്ല നിലയ്ക്ക് നടക്കുന്ന സ്ഥാപനത്തിന് ചീത്തപ്പേരുണ്ടാക്കിയ സംഭവത്തിന് പിന്നിൽ സ്ഥാപനത്തിലെ ഒരു ജീവനക്കാരിയുടെയും മുൻ ജീവനക്കാരന്റെയും സഹായത്തോടെ തിരുവനന്തപുരത്തെ ഒരു ആശുപത്രി ഉടമയുടെ മകനായ ഹരീഷ് ആണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.വിവാഹാഭ്യർത്ഥന ശോഭ നിരസിച്ചതിലുളള പ്രതികാരമായി സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ വിവേക് രാജിന് ഹരീഷ് 850 ഗ്രാം കഞ്ചാവ് നൽകി. ഇത് സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയുടെ സഹായത്തോടെ വിവേക് രാജ് വീവേഴ്സ് വില്ലേജിൽ രഹസ്യമായി വച്ചു.പിന്നീട് സ്ഥാപനത്തിൽ ലഹരി വിൽപനയുണ്ടെന്ന് രഹസ്യമായി ഹരീഷ് വിളിച്ചുപറഞ്ഞതിനെ തുടർന്ന് പൊലീസ് അന്വേഷിച്ചെത്തുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിവേക് രാജ് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. ഇതോടെ ശോഭ വിശ്വനാഥനെതിരായ കേസ് റദ്ദാക്കി.ഹരീഷിനെയും വിവേകിനെയും പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. വിവേക് പിടിയിലായി. എന്നാൽ യു.കെ പൗരത്വമുളള ഹരീഷ് ഒളിവിലാണ്. ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. കഴിവതും വേഗം ഹരീഷിനെ കണ്ടെത്താൻ പൊലീസ് ശ്രമിക്കുകയാണ്.