ഇന്ധനവില കൂട്ടിയത് യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയ കടം വീട്ടാന്‍; മോഡി മിടുക്കനായ ഗൃഹനാഥനെപ്പോലെയെന്ന് അബ്ദുള്ളക്കുട്ടി
കോഴിക്കോട്: ദിനംപ്രതി പെട്രോള്‍ – ഡീസല്‍ വില ഉയര്‍ത്തുന്നതിനെതിരേ ബിജെപി സര്‍ക്കാര്‍ വന്‍ വിമര്‍ശനം നേരിടുമ്പോള്‍ വില ഉയര്‍ത്തി യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിവെച്ച കടം വീടുകയാണ് നരേന്ദ്രമോഡി ചെയ്തതെന്ന മറുപടിയുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. രണ്ടോ മൂന്നോ ലക്ഷം കോടി രൂപ ഉണ്ടായിരുന്ന കടം ഇത്രയും കാലം അധിക വരുമാനത്തിലൂടെ മോഡി കടംവീട്ടിയെടുത്തെന്നും പറഞ്ഞു.
ഓയില്‍പൂളില്‍ വലിയ ബാധ്യതകള്‍ ഉണ്ടാക്കിയാണ് മന്മോഹന് സിംഗിന്റെ യു.പി.എ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. മന്മോഹന് സിങിനെ പോലെ വലിയ സാമ്പത്തീക വിദഗ്ദ്ധനൊന്നുമല്ലെങ്കിലും കിട്ടുന്ന പണം തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന ഒരു ഗൃഹനാഥനെ പോലെയാണ് മോഡി. ഇന്ത്യയിലെ ജനങ്ങളുടെ സാമ്പത്തീക കാര്യത്തില്‍ ഇടപെട്ട അദ്ദേഹം എണ്ണ കമ്പനികള്‍ക്ക് ബാധ്യതകളില്ലാതാക്കിയെന്നും പറയുന്നു.
ലോട്ടറിയും മദ്യവും പെട്രോളും പറഞ്ഞ് പഴഞ്ചന്‍ വരുമാന കാഴ്ചപ്പാടുമായി പോകുകയാണ് കേരളമെന്നും 20,000 കോടി രൂപ കിട്ടാക്കടമായുള്ള കേരളത്തില്‍ ഇതൊന്നും പിരിച്ചെടുക്കാതെ രക്ഷപ്പെടില്ലെന്നാണ് വിമര്‍ശനം. ബജറ്റിനെ ബാധിച്ചിട്ടുണ്ടെന്നു പരാതി പറയുന്ന മമതയും പിണറായിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സര്‍ക്കാരുകള്‍ സഹകരിച്ചാലേ പരിഹാരമുണ്ടാകൂവെന്നും പറഞ്ഞു.
പെട്രോള്‍ ഡീസല്‍ വില ജി.എസ്.ടിക്ക് വിട്ടുകൊടുക്കുമ്പോള്‍ കേരളത്തിന്റെ നികുതി വരുമാനത്തില്‍ ഉണ്ടാകുന്ന നഷ്ടം ഇരട്ടി വരുമാനമാക്കി ഒരു ഗോള്‍ഡ് പൊലീസിനെ പിണറായി നിയമിച്ചാല്‍ മതിയെന്നും പറഞ്ഞു. മോദി സര്‍ക്കാരിന്റേത് ശരിയായ നിലപാടാണെന്നും വ്യക്തമാക്കി. ഇന്നും പെട്രോളിന് വില കൂടിയതോടെ സംസ്ഥാനത്ത് പെട്രോള്‍വില നൂറു കടന്നിരിക്കുകയാണ്.
തിരുവനന്തപുരത്ത് പെട്രോളിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമാണ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. 26 ദിവസത്തിനിടെ 14 തവണയാണ് വില കൂടിയത്.