ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ‘സഭ വക്താവ്’ ബിനു പി. ചാക്കോ അറസ്റ്റില്‍
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കത്തോലിക്കാ സഭയുടെ വക്താവ് ചമഞ്ഞ് ചാനല്‍ ചര്‍ച്ചകളില്‍ എത്തുന്നയാള്‍ അറസ്റ്റില്‍. തിരുവല്ല പെരുന്തുരുത്തി കാവുംഭാഗം പഴയചിറ വീട്ടില്‍ ബിനു പി.ചാക്കോ ആണ് അറസ്റ്റിലായിരിക്കുന്നത്. നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായ ഇയാള്‍ മുന്‍പും അറസ്റ്റിലായിട്ടുണ്ട്.
ഇടുക്കി സ്വദേശിനിയില്‍ നിന്നാണ് ബാങ്ക് ജോലി വാഗ്ദാനം മൂന്നര ലക്ഷം രൂപ തട്ടിയെടുത്തത്. എറണാകുളത്ത് ജോലി ചെയ്യുന്ന ഇവരില്‍ നിന്ന് പണം തട്ടിയെടുത്തുവെന്ന് കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം പോലീസില്‍ പരാതി ലഭിച്ചത്. പോലീസിന്റെ അന്വേഷണത്തില്‍ ഇയാള്‍ സമാനമായി നിരവധി പേരില്‍ നിന്നും പണം തട്ടിയതായി കണ്ടെത്തി. ഇന്ന് അറസ്റ്റിലായ ബിനു ചാക്കോയെ കോടതിയില്‍ ഹാജരാക്കും. ഇയാളെ കുറിച്ച് സമാനമായ പരാതികള്‍ പാലാരിവട്ടം സ്റ്റേഷനില്‍ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
കത്തോലിക്കാ സഭയുടെ വിവിധ ആശുപത്രികളില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കോട്ടയം വെസ്റ്റ് പോലീസ് അടുത്തകാലത്ത് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. റെയില്‍വേയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. കോട്ടയത്ത് ഫ്ളാറ്റില്‍ തട്ടിപ്പ് കേസില്‍ മുന്‍പും ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്.
‘ഇന്ത്യന്‍ കാത്തലിക് ഫോറം’ എന്ന സംഘടന പേരില്‍ കത്തോലിക്കാ സഭയുടെ വക്താവായാണ് ഇയാള്‍ ചാനല്‍ ചര്‍ച്ചകളില്‍ എത്തിയിരുന്നത് അതിരുപത ഭൂമി കുംഭകോണകേസില്‍ കര്‍ദിനാള്‍ ആലഞ്ചേരിയേയും കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെയും ന്യായീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പതിവ് സാന്നിധ്യമായിരുന്നു.