‘ആരെ പറ്റിക്കാനാണ് ജയരാജാ ഈ തട്ടിപ്പ്.,എന്തൊരു ബിടലാണിത്’. സ്വര്‍ണ്ണക്കടത്തില്‍ സിപിഎം ബന്ധംആരോപിച്ച് കെ.സുരേന്ദ്രന്
കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്ത് സംഘത്തിന് സിപിഎമ്മുമായി നേരിട്ട് ബന്ധമുണ്ട് എന്നത് വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കള്ളക്കടത്തിന് ഉപയോഗിച്ച കാറ് ഇതുവരെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പോലീസിന്റെ സഹായത്തോടുകൂടിയാണ് ക്രിമിനില്‍ സംഘം കാറ് കടത്തിയത്. കസ്റ്റംസ് പിടികൂടുമെന്നുറപ്പായപ്പോഴാണ് കണ്ണൂരിലെ പാര്‍ട്ടിയുടെ സഹായത്തോട് കൂടി കാറ് കടത്തിയതെന്നും സുരേന്ദ്രന് പറഞ്ഞു.
ഉന്നതനായ ഒരു സിപിഎം നേതാവിന്റേതാണ് കാറ്. സഹകരണ ബാങ്കിലെ ഒരു ജീവനക്കാരനാണ് ഇയാള്‍. സ്വര്‍ണ കള്ളക്കടത്ത് പണം സഹകരണ ബാങ്കില്‍ നിക്ഷേപിക്കുന്നതായിട്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് മനസ്സിലായിട്ടുണ്ട്. ഗുണ്ടാ സംഘങ്ങള്‍ക്ക് ലൈക്കടിക്കരുതെന്ന് ഫെയ്സ്ബുക്കിലൂടെ പ്രസ്താവന ഇറക്കിയ ഡിവൈഎഫ്ഐ നേതാവ് ഹലാല്‍-ഇസ്ലാമിക് ബാങ്കിന്റെ കണ്ണൂര്‍ ജില്ലയിലെ ചുമതലക്കാരനാണ്.
കൊടുവള്ളിയിലെ കാരാട്ട് റസാഖിന്റേയും ഫൈസലിന്റേയും ബന്ധങ്ങളാണ് സിപിഎം കള്ളകടത്തിന് ഉപയോഗിക്കുന്നത്. സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘമാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് എന്നത് വ്യക്തമാണ്. തിരുവനന്തപുരത്തും ഇതുതന്നെയാണ് സംഭവിച്ചിട്ടുള്ളതെന്നും സുരേന്ദ്രന് പറഞ്ഞു.
‘രാമനാട്ടുകര അപകടത്തെ തുടര്‍ന്നുള്ള സ്വര്‍ണ കള്ള കടത്ത് കേസ് അന്വേഷണം പാര്‍ട്ടിയിലേക്ക് എത്തിയപ്പോള്‍ നിലച്ചിരിക്കുകയാണ്. ആകാശ് തില്ലങ്കേരിയും കൊടി സുനിയും അര്ജുന് ആയങ്കിയുമൊക്കെ സിപിഎമ്മിന്റെ ആളുകളാണ്. എന്നിട്ട് പറയുകയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ 3000 കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുമെന്ന്. ആരെ പറ്റിക്കാനാണ് ജയരാജാ ഈ തട്ടിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. എന്തൊരു ബിഡലാണിത്. എന്താ നിങ്ങള്‍ ഉദ്ദേശിക്കുന്നത്. ഒരു സംഭവത്തില്‍ മാത്രമല്ല ഈ ഇരട്ടത്താപ്പ്’ കെ.സുരേന്ദ്രന് കോഴിക്കോട് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും കൊലപാതകങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. പോലീസില്‍ നിന്ന് യാതൊരു നീതിയും ലഭിക്കുന്നില്ലെന്ന് വനിതാ കമ്മീഷന് തന്നെ പറയുന്നു. ജനങ്ങളുടെ സമ്മര്‍ദ്ദംമൂലമാണ് ജോസഫൈന് രാജിവെച്ച് പുറത്ത് പോയതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.