ഇതൊന്നും ഞങ്ങടെ സ്ഥലത്ത് നടക്കില്ല
വികസനമൊന്നും ഇവിടെ വേണ്ട..
കുറ്റിക്കോലിൽ അന്തർസംസ്ഥാന പാതക്ക് പാരയുമായി ബിജെപി
കുറ്റിക്കോൽ:മലയോരത്തെ പ്രധാന റോഡായ തെക്കിൽ–ആലട്ടി റോഡ് (പൊയിനാച്ചി മുതൽ ബന്തടുക്ക വരെ) നവീകരണം 95ശതമാനം പൂർത്തിയായപ്പോഴും അനക്കമില്ലാതൈ പള്ളത്തിങ്കാലിലെ വികസനം. പെട്രോൾ പമ്പ് മുതൽ പൊടിപ്പള്ളത്തിങ്കാൽ വരെയാണ് ആദ്യഘട്ട പണി പോലും നടത്താതെ വികസനം കോടതി നടപടികളിൽ കുടുങ്ങി കിടക്കുന്നത്.
റോഡ് പണി ആരംഭിച്ച ഘട്ടത്തിൽ പള്ളത്തിങ്കാലിലെ ബിജെപി ഓഫീസ് കെട്ടിടത്തിന്റെ സ്ഥലത്തിന്റെ പേരിൽ ഉണ്ടായ നിയമപ്രശ്നമാണ് വികസനത്തിന് പാരയായത്. പിന്നീട് പ്രാദേശിക വികസന കമ്മറ്റികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം ചേർന്ന് പ്രശ്നം ഒത്തുതീർപ്പാക്കി പണി ആരംഭിക്കാൻ ഇടപെടൽ നടത്തി. പക്ഷേ വീണ്ടും ബിജെപി പ്രാദേശിക നേതൃത്വം പരാതിയുമായി പോയതോടെ പണി വീണ്ടും നിലച്ചു.
ബിജെപി ജില്ലാകമ്മറ്റി അംഗം ബി ജനാർദനൻ നായർ, എടപ്പണി ബാലകൃഷ്ണൻ, സി ചന്ദ്രൻ എന്നിവരാണ് റോഡിനെതിരെ പരാതി നൽകിയത്. കേസ് ഹൈക്കോടതിയിലാണിപ്പോൾ.
വഴിമാറ്റിപ്പോകണമെന്ന്
തെക്കിൽ ആലട്ടി റോഡ് കടന്നു പോവുന്ന പള്ളത്തിങ്കാലിലെ സ്ഥലം തങ്ങളുടെ സ്ഥലമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. റോഡിന്റെ മറുവശത്ത് പൊതുസ്ഥലം ഒഴിഞ്ഞ് കിടക്കുകയാണെന്നും റോഡ് അത് വഴി ആക്കണമെന്നുമാണ് അവരുടെ വാദം. റോഡിന്റെ അലൈൻമാന്റ് മാറ്റാതെ പണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്. റോഡ് വികസനം ആവശ്യപ്പെട്ട് യുവമോർച്ച മുമ്പ് പള്ളത്തിങ്കാലിലും കരിച്ചേരിയിലുമൊക്കെ സമരം നടത്തിയിരുന്നു. ഇപ്പോൾ വികസനം വരുമ്പോൾ പാര പണിയുന്ന വിചിത്ര നിലപാടെടുത്ത ബിജെപി നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.