20 വയസിന് മുൻപ് നടന്നില്ലെങ്കിൽ വിവാഹം വൈകുമെന്ന് ജാതകത്തിൽ; സുചിത്രയുടെ മരണത്തിന് കാരണം സ്ത്രീധന പീഡനമെന്ന് കുടുംബം
ആലപ്പുഴ: വള്ളികുന്നത്ത് പത്തൊൻപതുകാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം. സൈനികനായ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.വിഷ്ണു ജോലി സ്ഥലത്തേക്കു മടങ്ങിയതോടെ അമ്മ മാനസികമായി പീഡിപ്പിച്ചെന്നാണ് സുചിത്രയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. വിവാഹത്തിന് സ്ത്രീധനമായി 51 പവനും കാറും നൽകി. 10 ലക്ഷം രൂപകൂടി വേണമെന്ന് ആവശ്യപ്പെട്ട് വിവാഹ ശേഷം മകളെ മാനസികമായി പീഡിപ്പിച്ചെന്നാണ് മാതാപിതാക്കളുടെ ആരോപണം.മകൾക്ക് നൽകിയ സ്വർണം ഭർതൃ വീട്ടുകാർ പണയംവച്ചെന്നും അവർ ആരോപിക്കുന്നു. കൊല്ലത്തെ വിസ്മയയുടെ മരണവാർത്തയറിഞ്ഞ് മകളെ വിളിച്ചപ്പോൾ താൻ അങ്ങനെയൊന്നും ചെയ്യില്ലെന്ന് ഉറപ്പുനൽകിയെന്നും സുചിത്രയുടെ മാതാപിതാക്കൾ പറയുന്നു. 20 വയസിനു മുന്‍പ് നടന്നില്ലെങ്കില്‍ വിവാഹം വൈകുമെന്ന് ജാതകത്തിൽ പറഞ്ഞതുകൊണ്ടാണ് പ്ലസ്ടൂ കഴിഞ്ഞയുടൻ കല്യാണം നടത്തിയതെന്നും ഒരു മാദ്ധ്യമത്തോട് കുടുംബം വെളിപ്പെടുത്തി.