അര്ജുന് ആയങ്കി 12 തവണ സ്വര്‍ണ്ണം കടത്തി ; സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് കായിക സംരക്ഷണം നല്‍കുന്നത് കൊടിസുനി? ; സംഘത്തെ നിയന്ത്രിക്കുന്നത് ജയിലില്‍ നിന്ന്
കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ പോലീസ് തെരയുന്ന അര്ജുന് ആയങ്കിയ്ക്ക് ടിപി വധക്കേസ് പ്രതി കൊടിസുനിയുടെ സംഘവുമായി ബന്ധം. ഇക്കാര്യത്തില്‍ കസ്റ്റംസ് കൂടുതല്‍ അന്വേഷണം നടത്തുന്നതായും സ്വര്‍ണ്ണക്കവര്‍ച്ചയില്‍ കൊടിസുനി ഏതെങ്കിലും തരത്തില്‍ പങ്കാളിത്തം വഹിച്ചോ എന്നുമാണ് അന്വേഷിക്കുന്നത്. കൊടിസുനിയുടെ സംഘത്തിന് കവര്ച്ചയുമായുള്ള ബന്ധം തെളിയിക്കാമെന്ന പ്രതീക്ഷിക്കുന്ന കസ്റ്റംസ് അര്ജുന് കായികസംരക്ഷണം നല്‍കുന്നത് കൊടിസുനിയുടെ സംഘമാണെന്നും കരുതുന്നു.
ഒളിവില്‍ പോയിരിക്കുന്ന അര്ജുന് ആയങ്കിയെ പുറത്ത് കൊണ്ടുവരാനായാല്‍ ഇക്കാര്യം തെളിയിക്കാമെന്നാണ് കസ്റ്റംസ് കരുതുന്നത്. അര്ജുന് ആയങ്കി 12 തവണയെങ്കിലും സ്വര്‍ണ്ണം കടത്തിയെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. കള്ളക്കടത്തുകാരുടെ സ്വര്‍ണ്ണം തട്ടിയെടുത്തുകൊണ്ട് സ്വര്‍ണ്ണക്കടത്തിന്റെ ലോകത്തേക്ക് പ്രവേശിച്ച അര്ജുന് കായികമായി സംരക്ഷണം നല്‍കുന്നത് കൊടിസുനിയുടെ സംഘം ആണെന്നും അര്ജുന് ആയങ്കി സ്വര്‍ണ്ണക്കടത്തിലൂടെ നേടുന്ന പണത്തിന്റെ ഒരു പങ്ക് നല്‍കിയത് കൊടിസുനിക്കാണെന്നും കസ്റ്റംസ് സംശയിക്കുന്നുണ്ട്.
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ കൊടിസുനി ഇപ്പോള്‍ ജയില്ശക്ഷ അനുഭവിച്ചു വരികയാണ്. ജയിലില്‍ കിടന്നുകൊണ്ടാണ് സംഘത്തെ നിയന്ത്രിക്കുന്നതെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. നേരത്തേയും കണ്ണൂരിലെ ക്വട്ടേഷന്‍ കേസുകളുമായി ബന്ധപ്പെട്ട് ജയിലില്‍ കിടക്കുന്ന കൊടിസുനിയുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. കോഴിക്കോട് വിമാനത്താവളം വഴി 2016 ല്‍ കടത്തിയ മൂന്ന് കിലോ സ്വര്‍ണ്ണം നല്ലളത്ത് വെച്ച് കൊള്ളയടിക്കപ്പെട്ട കേസിലും കൊടിസുനിയുടെ പേര് കേട്ടിരുന്നു. ഈ കേസില്‍ അന്വേഷണ സംഘം ജയിലില്‍ എത്തി കൊടിസുനിയെ ചോദ്യം ചെയ്തിരുന്നു.
അന്വേഷണം കണ്ണൂരിലെ ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് നീളുമ്പോള്‍ പാര്‍ട്ടിയുടെ പേര് വലിച്ചിഴയ്ക്കപ്പെടുന്ന സാഹചര്യത്തെ എങ്ങിനെ നേരിടാമെന്ന ആലോചനയിലാണ് സിപിഎം. പാര്‍ട്ടിക്ക് വേണ്ടി കേസുകളില്‍ പ്രതിയാക്കപ്പെടുന്നവര്‍ തുടര്‍ന്ന് അക്രമത്തിന് പാര്‍ട്ടിബന്ധം മറയാക്കുന്നത് രണ്ടു വര്‍ഷം മുമ്പ് തന്നെ കണ്ണൂര്‍ ജില്ലാക്കമ്മറ്റിയില്‍ ചര്‍ച്ചയായ കാര്യമാണ്. നേരത്തേ പാര്ട്ടികേസുകളില് പ്രതിയാകുകയും പിന്നീട് ക്വട്ടേഷന്‍ സംഘങ്ങളായി പരിണമിക്കുകയും ചെയ്തവര്‍ സാമ്പത്തീക നേട്ടങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പാര്‍ട്ടിയെ ഉപയോഗപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം.
ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം പാര്ട്ടിപേരുകള് ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ തണല്‍ പറ്റി ഭൂമികച്ചവടത്തിലും ബ്ളേഡ് ഇടപാടുകളിലും സ്വര്‍ണ്ണക്കടത്തിലും ഇടപെട്ടു കമ്മീഷന് പറ്റുകയും അതിന് വേണ്ടി അക്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു എന്ന മുന്നറിയിപ്പ് ജില്ല നേതൃത്വം പല തവണ ചര്‍ച്ച ചെയ്തതാണ്. അംഗത്വ പരിശോധനയില്‍ ആരോപണ വിധേയരെ ഒഴിവാക്കാനും ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളവര്‍ക്കു പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കേണ്ടത് ഇല്ല എന്നും തീരുമാനിച്ചു. ക്വട്ടേഷന്‍കാരെ പാര്‍ട്ടി പ്രവര്‍ത്തനവുമായി സഹകരിപ്പിക്കരുത് എന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നെങ്കിലും നടപടിക്ക് ഇരയാകേണ്ടി വരുന്നവര്‍ പാര്‍ട്ടിക്ക് ഏറെ വേണ്ടപ്പെട്ടവരായതിനാല്‍ നടപ്പായില്ല.