‘സത്കാരങ്ങള്‍ ബനാത്ത് വാലെക്ക് വിലങ്ങുതടിയായില്ല’; കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കുറിപ്പുമായി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ എം ഹംസ
മലപ്പുറം: മുസ്ലിംലീഗ് നേതാവായിരുന്ന അന്തരിച്ച ജി.എം.ബനാത്ത് വാലെയെ അനുസ്മരിച്ച് എഴുതിയ കുറിപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി പരിഹസിച്ച് മുസ്ലിം ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കെ.എം.ഹംസ. പ്രതിസന്ധികളില്‍ ഒളിച്ചോടാന്‍ തയ്യാറാവാതെ പ്രതിബദ്ധത പുലര്‍ത്തി, സത്കാരങ്ങളോ യാത്രാ പ്രതിബന്ധങ്ങളോ ആ കര്‍മ്മ സരണിയില്‍ വിലങ്ങ് തടിയായില്ലെന്ന് ഹംസ ബനാത്ത് വാലെയെ അനുസ്മരിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.
എംപിയായിരിക്കുമ്പോള്‍ പാര്‍ലമെന്റില്‍ സുപ്രധാന ബില്ലുകളില്‍ നടന്ന ചര്‍ച്ചയിലും വോട്ടെടുപ്പിലും പി.കെ.കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതില്‍ ലീഗിനുള്ളില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇതിനെ ട്രോളികൊണ്ടാണ് ഹംസയുടെ കുറിപ്പിലെ പരാമര്‍ശങ്ങള്‍. എംപി സ്ഥാനം രാജിവെച്ചതിലും തിരഞ്ഞെടുപ്പ് തോല്‍വിയിലും പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന യൂത്ത് ലീഗ് യോഗത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ലീഗ് ഭാരാവാഹികളില്‍ നിന്നുള്ള ഇത്തരത്തിലുള്ള പരിഹാസം എന്നതും ശ്രദ്ധേയമാണ്.
ഫെയയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
ജനാബ് ഗുലാം മുഹമ്മദ് ബനാത്ത് വാല സാഹിബിന്റെ വിയോഗത്തിന് ഇന്നേക്ക് പതിമൂന്ന് വര്‍ഷം തികയുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കരുത്തായി നിന്ന മഹാമനീഷിയായിരുന്നു ബനാത്ത് വാല സാഹിബ് പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയും കൃത്യമായി പറയുന്ന തന്റേടമുള്ള നേതാവ്.
വിജ്ഞാനം നിറഞ്ഞ് തുളുമ്പുന്ന വാഗ്ധ്വാരണിയുടെ ഉടമയായ ബനാത്ത് വാല സാഹിബിന്റെ പ്രഭാഷണങ്ങള്‍, വര്‍ഷങ്ങള്‍ക്കിപ്പുറവും തലമുറയെ ആവേശഭരിതരാക്കുന്നുണ്ട്. മികച്ച വിദ്യാഭ്യാസ വിചക്ഷണനായാണ് ബനാത്ത് വാല അറിയപ്പെടുന്നത്.
1967-ലും 1972-ലും മഹാരാഷ്ട്ര അസംബ്ലിയില്‍ അംഗമായിരുന്നു. തുടര്‍ന്ന് 1977- മുതല്‍ ഏഴ് തവണ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റഗമായി. മികച്ച പാര്‍ലിമെന്റേറിയന്‍ എന്ന നിലക്ക് നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.
സമുദായം തന്നിലര്‍പ്പിച്ച വിശ്വാസത്തെ കളങ്കമില്ലാതെ കൊണ്ട് പോകാന്‍ അദ്ദേഹത്തിന് സാധ്യമായി എന്നത് പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ ന്യൂനപക്ഷ പ്രശ്നങ്ങളിലെ കൃത്യമായ ഇടപെടലുകളിലൂടെ നമുക്ക് ബോധ്യമാകും.
പ്രതിസന്ധികളില്‍ പതറാതെ ഒരു സിംഹഗര്‍ജ്ജനമായി സഭക്കകത്ത് നിലകൊണ്ടു…,ഭരണകൂടങ്ങള്‍ക്കൊരു താക്കീതായി..,
വിവാഹമോചിത നിയമമടക്കം സുപ്രധാനമായ നിരവധി നിയമങ്ങളാണ് അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ പിറവിയെടുത്തത്.
പ്രതിസന്ധികളില്‍ ഒളിച്ചോടാന്‍ തയ്യാറാവാതെ പ്രതിബദ്ധത പുലര്‍ത്തി , സല്‍ക്കാരങ്ങളോ യാത്ര പ്രതിബന്ധങ്ങളോ ആ കര്‍മ്മ സരണിയില്‍ വിലങ്ങ് തടിയായില്ല. ഭയഭക്തിയുടെ ചൈതന്യം അങ്കുരിക്കുന്ന ഹൃദയത്തോടെ സധൈര്യം നേരിടുകയായിരുന്നു.
എന്ത് കൊണ്ടും പുതുതലമുറക്ക് മാര്‍ഗ്ഗദര്‍ശിയാണു് ഗുലാം മഹ്മൂദ് ബനാത് വാല സാഹിബ് 2008 ജൂണ്‍ 26 ന് അന്ത്യകര്‍മ്മങ്ങള്‍ക്കായി ബോംബെയില്‍ എത്തിച്ചേര്‍ന്നതും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായതും ഇന്നലത്തെപ്പോലെ ഇന്നുമോര്‍ക്കുന്നു.
നാഥന് സ്വര്‍ഗീയാരാമത്തില്‍ ഒന്നിപ്പിക്കട്ടെ..