ഡെല്‍റ്റ പ്ലസ്; മൂന്നാം തരംഗം നേരിടാന്‍ തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കോവിഡ് മൂന്നാം തരംഗം നേരിടുന്നതിനുളള തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളെല്ലാം മുന്നൊരുക്കങ്ങള്‍ നടത്തണം. കുട്ടികളില്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പീഡിയാട്രിക് വാര്‍ഡുകളില്‍ പരമാവധി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. ജില്ലാ ആശുപത്രിയിലും വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.
വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന് കുട്ടിയുടെ അധ്യക്ഷതയില്‍ പാലക്കാട് കലക്ടറേറ്റില്‍ നടന്ന ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി പഞ്ചായത്തുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നതാണ്. വൈറസ് സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത കൈവിടരുത്. വാക്സിനേഷന് കൂട്ടണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഒരു ദിവസം 50,000 ഡോസ് വരെ കുത്തിവെപ്പ് എടുക്കുന്നതിന് ജില്ല പര്യാപ്തമാണ്. ട്രൈബല്‍ മേഖലയില്‍ വാക്സിനേഷന് നല്ല രീതിയില്‍ നടക്കുന്നുണ്ട്. 82 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. പ്രവാസികള്‍ക്ക് പ്രത്യേക വാക്സിനേഷന് ക്യാമ്പ് സജ്ജമാക്കുന്നതിനും മറ്റു സംസ്ഥാനങ്ങളില്‍ പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്കി വാക്സിനേഷന് നടത്താനും മന്ത്രി നിര്‍ദേശിച്ചു.
ജില്ലാ ആശുപത്രിയില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കോവിഡ് ബാധിതരല്ലാത്ത രോഗികളെ കൂടി ചികിത്സിക്കാന്‍ നടപടിയെടുക്കേണ്ടതാണ്. കൂടാതെ പിഎച്ച്സികളിലും സിഎച്ച്സികളിലും ഇതിനായി ചികിത്സാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പരിശോധന വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ജില്ലയ്ക്ക് കൂടുതലായി ആവശ്യമുള്ള ഓക്സിജന്‍ ബെഡുകള്‍, വെന്റിലേറ്ററുകള്‍ മറ്റ് സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്കി.