ശൈശവ വിവാഹം തടയാൻ ‘പൊൻ വാക്ക്’ വിവാഹം നടക്കുന്നത് മുൻകൂട്ടി വിവരം നൽകുന്ന വ്യക്തിക്ക് 2500 രൂപ പാരിതോഷികം
കാസർകോട്: സംസ്ഥാനത്തെ ശൈശവ വിവാഹം നടക്കുന്നത് തടയുന്നതിനായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് പൊൻ വാക്ക്. പൊതുജന പങ്കാളിത്തത്തോടുകൂടി ശൈശവ വിവാഹം പൂർണമായി നിരോധിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ശൈശവ വിവാഹം നടക്കുന്നത് മുൻകൂട്ടി വിവരം നൽകുന്ന വ്യക്തിക്ക് 2500 രൂപ പാരിതോഷികമായി നൽകുന്നു. വിവരം നൽകുന്ന വ്യക്തിയുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കൃത്യമായ വിവരങ്ങൾ സഹിതം ശൈശവ വിവാഹം മുൻകൂട്ടി അറിയിക്കുകയും ഇത് ബോധ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമാണ് പാരിതോഷികം നൽകുന്നത്. ശൈശവ വിവാഹം നടന്നു കഴിഞ്ഞ് വിവരം നൽകുന്ന വ്യക്തികൾക്ക് പാരിതോഷികം ലഭിക്കില്ല.
ജില്ലയിലെ 12 ഐസിഡിഎസ് ഓഫീസുകളിലെ ശിശു വികസന പദ്ധതി ഓഫീസർമാരണ് ശൈശവവിവാഹ നിരോധന നിയമം നടപ്പിലാക്കുന്നത്. ശൈശവ വിവാഹം നടക്കുന്നത് തടയുന്നതിനായി പൊതുജന പങ്കാളിത്തം കൂടി ഉണ്ടാവണമെന്ന് വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ഓഫീസർ കവിത റാണി രഞ്ജിത്ത് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഐ സി ഡി എസ് ഓഫീസുകൾ, ജില്ലാ വനിതാ ശിശു വികസന ഓഫീസ് എന്നിവയുമായി ബന്ധപ്പെടണം. ponvakkukzd@gmail.com ലൂടെയും പരാതികൾ അറിയിക്കാം. ഫോൺ: 940008816.