കരിയില കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവം: കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: അമ്മ കരിയില കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ പൊലീസ് മൊഴിയെടുക്കാൻ വിളിപ്പിച്ചതിന് പിന്നാലെ കാണാതായ യുവതികളിലൊരാളുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി. ഊഴായിക്കോട് സ്വദേശി ആര്യയുടെ (23) മൃതദേഹമാണ് ഇത്തിക്കരയാറ്റിൽ കണ്ടെത്തിത്. കാണാതായ രണ്ടാമത്തെ യുവതിക്കായി ഇത്തിക്കരയാറിലും പരിസരത്തും തിരച്ചിൽ തുടരുകയാണ്. കേസിൽ അറസ്റ്റിലായ കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടില്രേഷ്മയുടെ അടുത്ത ബന്ധുക്കളാണ് ഇരുവരും. കുഞ്ഞ് മരിച്ച സംഭവത്തിൽ രേഷ്മയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റുചെയ്തത്. കാമുകനൊപ്പം പോകുന്നതിനാണ് രേഷ്മ കുഞ്ഞിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ചത്.അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകാൻ ഇന്നലെ മൂന്നു മണിക്ക് സ്റ്റേഷനിൽ എത്തണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതൽ ഇരുവരെയും ബന്ധുക്കൾ കണ്ടിട്ടില്ല. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയതിനെ തുടർന്നാണ് പരിസരത്ത് പൊലീസ് പരിശോധന നടത്തിയത്. തുടർന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ‘ഞങ്ങൾ പോകുകയാണെ’ന്ന് കത്തെഴുതി വച്ചശേഷമാണ് ഇരുവരും വീട്ടിൽ നിന്ന് പുറപ്പെട്ടത്. മൊഴിനൽകാൻ എത്തണമെന്ന് ആവശ്യപ്പെട്ട കാര്യം ബന്ധുവിനെ ഫോണിൽ അറിയിച്ചിരുന്നു.