വിവാദങ്ങളുടെ കുപ്പി തുറക്കുന്ന ജോസഫൈനെ ഒടുവിൽ പാർട്ടി കൈവിട്ടു, താക്കീതുകളിൽ നിന്ന് പാഠം പഠിക്കാതെ പടിയിറക്കം
തിരുവനന്തപുരം: വനിതാ കമ്മിഷന് അദ്ധ്യക്ഷയായി സ്ഥാനമേറ്റത് മുതല്‍ എം സി ജോസഫൈന് വിവാദങ്ങളുടെ കേന്ദ്രമായിരുന്നു. എപ്പോള്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നാലും എന്തെങ്കിലും വിവാദം സൃഷ്ടിക്കാതെ അവര്‍ മടങ്ങാറില്ലായിരുന്നു. നിരവധി തവണ വിവാദങ്ങളില്‍പ്പെട്ടിട്ടുള്ള എം സി ജോസഫൈന് ഏറ്റവും ഒടുവിലായി പറഞ്ഞത് വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ ഇടണമെന്നായിരുന്നു. അതും സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യയോ കൊലപാതകമോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിക്കാത്ത വിസ്മയയുടെ വീട്ടില്‍ പോയാണ് എം സി ജോസഫൈന് എന്ന സംസ്ഥാന വനിതാ കമ്മിഷന് അദ്ധ്യക്ഷ ഇത്തരത്തില്‍ സംസാരിച്ചത്.1961ല്‍ ഇന്ത്യയില്‍ സ്ത്രീധനം നിയമം മൂലം നിരോധിച്ചതാണെന്ന് അറിയാത്ത ആളൊന്നുമല്ല വനിതാ കമ്മിഷന് അദ്ധ്യക്ഷ. ഗാര്‍ഹിക പീഡനത്തിനെതിരെ പരാതി പറയാന്‍ വിളിച്ച സ്ത്രീകളോട് പൊലീസില്‍ പരാതിപ്പെട്ടില്ലെങ്കില്‍ നിങ്ങൾ അനുഭവിച്ചോളാനാണ് എം സി ജോസഫൈന് പറഞ്ഞത്. എന്നാല്‍, എല്ലാവിവാദങ്ങള്‍ക്കും പിന്നാലെ നല്ലൊരു രാഷ്ട്രീയക്കാരിയായി താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞതെല്ലാം ആത്മാര്‍ത്ഥമായിട്ടായിരുന്നുവെന്ന് പറയാനും എം സി ജോസഫൈന് ഒരു മടിയുമുണ്ടാകില്ല.ഇതിനുമുമ്പ് പലതവണ ജോസഫൈന് പാർട്ടി താക്കീത് നൽകിയിട്ടുണ്ട്. എത്ര താക്കീത് നൽകിയിട്ടും പഠിക്കാതെയായ ജോസഫൈൻ നിരന്തരം വിവാദങ്ങളിൽ അകപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവിൽ ഇനി മുന്നറിയിപ്പുകൾ നൽകേണ്ടെന്നും അദ്ധ്യക്ഷ പദവി രാജിവയ്ക്കാനും ജോസഫൈനോട് നേതൃത്വം തന്നെ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റിൽ ജോസഫൈനെ പിന്തുണയ്ക്കാൻ ആരുമുണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം.വനിത കമ്മിഷൻ രൂപീകരിച്ചപ്പോൾ അതിന്റെ ഘടനയിൽ അതിൽ ചില കാര്യങ്ങൾ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. ‘കമ്മിഷൻ അദ്ധ്യക്ഷ എന്നത് സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത് അറിവും, പരിചയവുമുള്ള ആളായിരിക്കണം. പരാതിക്കാരോട് കരുതലോടെ വേണം പെരുമാറാൻ. ഒരു തരത്തിലും പരാതിക്കാരെ ബുദ്ധിമുട്ടിക്കാനല്ല കമ്മിഷൻ. ഇപ്രകാരം വനിതകളുടെ സംരക്ഷണത്തിനും, പിന്തുണ നൽകുന്നതിനും, സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായാണ് വനിതാ കമ്മിഷൻ രൂപീകരിച്ചത്.’ എന്നാൽ ഇതൊന്നും ജോസഫൈന് കേട്ടുകേൾവി പോലുമില്ലായിരുന്നു.2018ൽ പി കെ ശശി എം എൽ എക്കെതിരെ പാർട്ടിയിലെ പെൺകുട്ടി തന്നെ നടത്തിയ ആരോപണത്തിൽ മനുഷ്യരല്ലേ തെറ്റൊക്കെ പറ്റി പോവാം എന്നാണ് ജോസഫൈൻ നിർദാഷണ്യം പറഞ്ഞത്. പാർട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണ്. പാർട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ വനിതാ കമ്മിഷൻ അന്വേഷിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞതും ഇത് ജോസഫൈൻ തന്നെയാണ്. എങ്കിലും വിവാദങ്ങളുടെ കുപ്പി തുറക്കാൻ അവർ പിന്നെയും കാത്തിരിക്കുകയായിരുന്നു.ഒടുവിൽ ഗത്യന്തരമില്ലാതെയാണ് പാർട്ടി അവരിൽ നിന്ന് രാജി ചോദിച്ച് വാങ്ങുന്നത്.