കുഴിച്ചിട്ട മൃതദേഹങ്ങള്‍ വെള്ളപ്പൊക്കം വന്നപ്പോള്‍ ഗംഗയില്‍ വീണ്ടും ഒഴുകി നടക്കുന്നു ; ഉത്തര്‍പ്രദേശില്‍ പിന്നെയും തലവേദന
ലക്നൗ: കോവിഡ് പ്രതിരോധം പാളിപ്പോയതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടുന്നതിനിടയില്‍ ഗംഗയില്‍ വീണ്ടും മൃതദേഹങ്ങള്‍ ഒഴുകാന്‍ തുടങ്ങിയതോടെ യുപി സര്‍ക്കാരിന് വീണ്ടും തലവേദന. കനത്ത മഴ മൂലം ജലനിരപ്പ് ഉയര്‍ന്നതോടെ മുമ്പ് മണലില്‍ കുഴിച്ചിട്ടിരുന്ന മൃതദേഹങ്ങളാണ് ഒഴുകി നടക്കുന്നത്. യുപിയിലെ പ്രയാഗ്രാജ് നഗര അധികൃതര്‍ക്ക് പുതിയ സംഭവവികാസം കനത്ത വെല്ലുവിളിയായിട്ടുണ്ട്.
പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ഇതിന്റെ വീഡിയോയും ചിത്രങ്ങളും എടുത്ത് പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെ
കഴിഞ്ഞ രണ്ടു ദിവസമായി ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്തി സംസ്ക്കരിക്കുന്ന ജോലിയിലാണ് പ്രയാഗ്രാജിലെ വിവിധ ഘട്ടുകള്‍. നദീതീരത്ത് വന്നടിഞ്ഞ ഒരു മൃതദേഹത്തിന്റെ ചിത്രം ബുധനാഴ്ച പുറത്തു വന്നിരുന്നു. കാവിതുണി കൊണ്ടുമൂടിയ മൃതദേഹത്തില്‍ നിന്നും സര്‍ജിക്കല്‍ ഗ്ളൗസ് കൊണ്ടു മൂടിയ നിലയിലുള്ള കൈള്‍ പുറത്തേക്ക് തള്ളി നില്ക്കുന്നുണ്ടായിരുന്നു. ഈ മൃതദേഹം പ്രയാഗ് രാജിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ വലിച്ചടുപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്തു വന്നത്.
തുണിയില്‍ പൊതിഞ്ഞ മറ്റൊരു മൃതദേഹം അധികൃതര്‍ എടുത്ത് നദീതീരത്ത് വീണ്ടും മറവു ചെയ്യുന്നതിന്റെ മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം ദൃശ്യങ്ങള്‍ തുടര്‍ച്ചയായി പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്. ഒരു മാധ്യമത്തോട് പ്രയാഗ്രാജ് മുനിസിപ്പല്‍ കോര്പ്പറേഷന് സോണല്‍ ഓഫീസര്‍ നീരജ്കുമാര്‍ സിംഗ് 24 മണിക്കൂറിനിടയില്‍ താന്‍ തന്നെ 40 മൃതദേഹങ്ങള്‍ മറവ് ചെയ്തതായി പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഓരോ മൃതദേഹങ്ങള്‍ വീതം തിരിച്ചെടുത്ത് മതിയായ കര്‍മ്മങ്ങള്‍ ചെയ്താണ് വീണ്ടും സംസ്ക്കരിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു.
ഓക്സിജന്‍ ട്യൂബിന്റെ അറ്റം മുഖത്ത് വെച്ച നിലയിലുള്ള മൃതദേഹം വരെയുണ്ടായിരുന്നു. മുമ്പ് അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടയാളാണ് ഇയാളെന്നും ഒരുപക്ഷേ കുടുംബം പേടിച്ച് ഇവിടെ തള്ളിയിട്ട് പോയതായിരിക്കാമെന്നും കിട്ടിയിട്ടുള്ള എല്ലാ മൃതദേഹങ്ങളും സംസ്ക്കരിക്കപ്പെട്ടവ ആയിരുന്നില്ല എന്നും സിംഗ് പറയുന്നു. മൃതദേഹങ്ങളില്‍ ചിലത് അഴുകിയതും ചിലത് പുതിയതായി സംസ്ക്കരിക്കപ്പെട്ടതും ആണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗംഗാനദിക്കരയില്‍ കൂട്ടമായി മൃതദേഹങ്ങള്‍ സംസ്ക്കരിക്കപ്പെട്ട അനേകം ഇടങ്ങളാണ് ബീഹാറിലും യുപിയിലുമായി നേരത്തേ കണ്ടെത്തിയത്. ഇത് കോവിഡ് രൂക്ഷമായി മാറിയ രണ്ടാം തരംഗത്തിലെ കഴിഞ്ഞ മെയ് മാസത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വരെ വാര്‍ത്തയാകുകയും ചെയ്തിരുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശിലും ബീഹാറിലുമായി നൂറുകണക്കിന് മൃതദേഹങ്ങളാണ് ഒഴുകി നടന്നത്.
മൃതദേഹങ്ങള്‍ ഒഴുകിനടക്കാന്‍ തുടങ്ങിയതോടെ ഇതെല്ലാം കോവിഡില്‍ മരണപ്പെട്ടതാണെന്നും യുപി മരണനിരക്ക് കുറച്ചു കാട്ടുകയാണെന്നും ആരോപണം ഉയരുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം കോവിഡ്മരണങ്ങള്‍ ആണെന്ന വാദത്തെ തള്ളുകയാണ് ചെയ്തത്. ഗംഗാതീരത്ത് ആചാരപ്രകാരം സംസ്ക്കരിക്കപ്പെട്ട മൃതദേഹങ്ങളാണെന്നായിരുന്നു വാദം. സംഭവങ്ങള്‍ ഏപ്രിലിലും മെയ് യിലും യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരേ ബിജെപിയില്‍ നിന്നുപോലും വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.