പാലക്കാട്ഒന്പത് വയസുകാരി വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍
പാലക്കാട്: ഒന്‍പത് വയസുകാരിയെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകൃഷ്ണപുരം അരക്ക്പറമ്പ് പുല്ലരിക്കാട് അലിയുടെ മകള്‍ ഫാത്തിമ ഷിഫയാണ് മാതാവിന്റെ കുടുംബ വീട്ടില്‍ മരിച്ചത്. നാട്ടുകല്‍ എഎല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
വീട്ടുകാര്‍ക്കൊപ്പം ചക്ക കഴിച്ചിരുന്ന ഫാത്തിമ ഷിഫ പന്ത്രണ്ട് മണിയോടെ മുറിക്കുള്ളിലേക്ക് കയറി. അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടി മുറിക്ക് പുറത്തിറങ്ങാതെ വന്നതിനാല്‍ വീട്ടുകാര്‍ക്ക് സംശയമായി. വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കുഞ്ഞിനെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
രണ്ട് മാസമായി മാതാവിന്റെ വീട്ടിലായിരുന്ന ഫാത്തിമ ഷിഫ അടുത്തദിവസം പിതാവിന്റെ വീട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. ആത്മഹത്യയിലേക്ക് നയിക്കാനുള്ള യാതൊന്നും വീട്ടിലുണ്ടായിട്ടില്ലെന്നാണ് ബന്ധുക്കളുടെ മൊഴി.