വായ്പ എടുത്ത തുക തിരികെ അടച്ചിട്ടും ആധാരം നല്‍കിയില്ല; മണപ്പുറം ഫിനാന്‍സിനെതിരെ പരാതി
കോഴിക്കോട് :വായ്പ്പ എടുത്ത തുക തിരികെ അടച്ചിട്ടും വീടിന്റെ ആധാരം നല്‍കാതെ മണപ്പുറം ഫിനാന്‍സ്. കോഴിക്കോട് മാവൂര്‍ റോഡിലുള്ള ബ്രാഞ്ചിനെതിരെ മൂന്ന് കുടുംബങ്ങള്‍ നടക്കാവ് പോലീസില്‍ പരാതി നല്കി. മുന്‍ മാനേജരാണ് ഉത്തരവാദിയെന്നാണ് മണപ്പുറം ഫിനാന്‍സിന്റെ വിശദീകരണം. ഇയാളെ സര്‍വീസില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി. കോഴിക്കോട് പൂനൂര് സ്വദേശി റജുല 2020 മാര്‍ച്ചില്‍ നാല് ലക്ഷത്തി മുപ്പത്തി ഒന്‍പതിനായിരം രൂപയാണ് വായ്പ്പ എടുത്തത്. തുടര്‍ന്ന് കുറച്ചു തുക തവണകളായി അടക്കുകയും പിന്നീട് ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഭാഗമായി 4,31,050 രൂപ അടക്കുകയും 21 ദിവസത്തിനകം ആധാരം തിരികെ നല്‍കാമെന്ന് മാനേജര്‍ ജില്‍ത്ത് പറയുകയും ചെയ്തു. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും ആധാരം ലഭിച്ചില്ല.
അത്തോളി സ്വദേശി സുജീഷ് വീട് നിര്‍മിക്കാനായി മൂന്ന് ലക്ഷം രൂപയാണ് വായ്പ്പാ എടുത്തത്. ഇതില്‍ കുറച്ച തുക തവണകളായി അടക്കുകയും ബാക്കി 2.80 ലക്ഷം രൂപ ഒറ്റത്തവണയായി അടക്കുകയും ചെയ്തു. എന്നാല്‍,1.35 രൂപയാണ് തിരിച്ചടച്ചതായും രേഖകളില്‍ കാണിക്കുന്നത്. കക്കയം സ്വദേശി നുസൈബയും സമാന കുരുക്കില്‍പെട്ട് ആധാരം ലഭിച്ചിട്ടില്ല. വായ്പ്പ എടുത്ത മുഴുവന്‍ തുകയും ഇവര്‍ നല്‍കിയതായി പിരിച്ചുവിട്ട മാനേജരും കാഷ്യറും എഴുതി നല്കിയ രേഖയും ഇവരുടെ കൈലുണ്ട്. എന്നിട്ടും ആധാരം തിരികെ നല്‍കിയിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.