സംസ്ഥാനവുമായി പോര് മുറുകിജുഡീഷ്യല് കമ്മീഷന് നിയമനത്തിനെതിരേ ഇഡി ഹൈക്കോടതിയില്‍;
സര്‍ക്കാര്‍ അധികാരം ദുരുപയോഗിച്ചു
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍. കേസ് അട്ടിമറിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെന്ന് ഇ.ഡി ഹൈക്കോടതിയില്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് കമ്മീഷനെ നിയോഗിച്ചതെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കി.
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ വഴിവിട്ട ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ജസ്റ്റിസ് വികെ മോഹനനെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്. ഈ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ നിയമപരമായ അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്താണ് കമ്മീഷനെ നിയോഗിച്ചത്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസിനെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നും എന്‍ഫോഴ്സ്മെന്റ് ആരോപിച്ചു.
നേരത്തെ ജുഡീഷ്യല്‍ കമ്മീഷന് പത്രപ്പരസ്യം നല്കി കമ്മീഷനില്‍ കക്ഷി ചേരാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചിരുന്നു. തെളിവുകള്‍ കൈയിലുള്ളവര്‍ക്ക് അവ ഹാജരാക്കാമെന്നും കമ്മീഷന് വ്യക്തമാക്കിയിരുന്നു. ഇവ ഹാജരാക്കാനുള്ള സമയപരിധി ജൂണ്‍ 26ന് അവസാനിക്കാനിരിക്കെയാണ് ഇഡി കോടതിയെ സമീപിച്ചത്.