വാക്കുകള്‍ മുറിവേല്പിച്ചെങ്കില് മാപ്പ് ചോദിക്കുന്നു, വിവാദപരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്
എം സി ജോസഫൈന് നാളെ ചേരുന്ന സിപിഎം സെക്രട്ടറിയറ്റിലും ചര്‍ച്ചയാകും
തിരുവനന്തപുരം : ഗാര്‍ഹിക പീഡനത്തില്‍ പരാതിയറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മിഷന് അദ്ധ്യക്ഷ എം.സി. ജോസഫൈന്. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് പ്രകടിപ്പച്ചത്.
എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ആ സഹോദരിക്ക് എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നതായി ജോസഫൈന് പ്രസ്താവനയില്‍ പറഞ്ഞു.സമീപകാലത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും അത്രിക്രമങ്ങളിലും ഒരു സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും ഞാന്‍ അസ്വസ്ഥയായിരുന്നു. . ടെലിഫോണ്‍ അഭിമുഖത്തിനിടയില്‍ എറണാകുളം സ്വദേശിനി ആയ സഹോദരി എന്നെ ഫോണില്‍ വിളിച്ച് അവരുടെ ഒരു കുടുംബപ്രശ്നം പറയുകയുണ്ടായി. അവരുടെ ശബ്ദം നന്നെ കുറവായിരുന്നതിനാല്‍ എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ ഘട്ടത്തില്‍ അവരോട് അല്പം ഉറച്ച് സംസാരിക്കാമോ എന്ന് ചോദിച്ചു. സംസാരമധ്യേ, ആ സഹോദരി പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. എന്താണ് പൊലീസില്‍ പരാതി നല്‍കാത്തത് എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പെണ്‍കുട്ടിയോട് ചോദിച്ചിരുന്നു എന്നത് വസ്തുതയാണെന്നും ജോസഫൈന് പറഞ്ഞു.