‘സർക്കാരിനെതിരെ ബിജെപി യും യു ഡി എഫും,ജോസഫൈനെ പുറത്താക്കണം, പ്രതിഷേധം ശക്തമാകുന്നു,സിപിഎം പ്രതിരോധത്തിൽ
കോഴിക്കോട്: പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈനെതിരെ വന്‍പ്രതിഷേധം. സിനിമാ, രാഷ്ട്രീയ ,സാമൂഹിക മേഖലകളില്‍ നിന്നും ഇടതുമുന്നണിയേയും സര്‍ക്കാരിനേയും സ്ഥിരമായി ന്യായീകരിക്കുന്ന സാമൂഹിക മാധ്യമ ഹാന്‍ഡിലുകളില്‍ നിന്നടക്കമാണ് ജോസഫൈന്റെ രാജി ആവശ്യം ഉയരുന്നത്. സിപിഐ യുവജന സംഘടനയായ എ.ഐ.എസ്.എഫും ജോസഫൈനെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടു.
വനിതാ കമ്മീഷന് അധ്യക്ഷ ക്രൂരയായ ജയില്‍ വാര്‍ഡനെ ഓര്‍മിപ്പിക്കുന്നുവെന്നും പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണമെന്നും സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബു ആവശ്യപ്പെട്ടു.പ്രതിഷേധം വ്യാപകമാകുമ്പോഴും ജോസഫൈനെ പിന്തുണച്ച് ഇതുവരെ സര്‍ക്കാരോ സിപിഎമ്മോ രംഗത്തെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വനിതാ കമ്മീഷന് അധ്യക്ഷയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തണമെന്നാണ് മുതിര്‍ന്ന സിപിഎം നേതാവ് പി.കെ.ശ്രീമതി പ്രതികരിച്ചത്.
പാര്‍ട്ടി അണികളില്‍ നിന്ന് പോലും വനിതാ കമ്മീഷനെതിരെ രൂക്ഷമായ പ്രതികരണം വന്നതോട് കൂടി സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സംസ്ഥാനത്തുണ്ടായ സ്ത്രീപീഡന ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ സ്ത്രീധന വിരുദ്ധ ക്യാമ്പയിനുകളും മറ്റും സര്‍ക്കാര്‍ സംഘടിപ്പിച്ച് വരുന്നതിനിടെയാണ് ജോസഫൈനെതിരായ ആരോപണം വന്നിരിക്കുന്നത്. സ്ത്രീകളോടുള്ള സര്‍ക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിച്ചിരിക്കുന്നു ഇത്. നേരത്തെയും വിവാദ പരാമര്‍ശങ്ങള്‍ നടത്തി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ജോസഫൈനെതിരെ ഇത്തവണ നടപടിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധം രൂക്ഷമായതിനൊപ്പം പ്രതിപക്ഷവും ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ജോസഫൈന് സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ സമര പരിപാടികളിലേക്ക് കടക്കാനും സര്‍ക്കാരിനെതിരെ പ്രചരാണയുധമാക്കാനുമാണ് യുഡിഎഫിന്റേയും ബിജെപിയുടേയും നീക്കം.
സിപിഎം പ്രവര്‍ത്തകര്‍ സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുമ്പൊള്‍ ആ പ്രതികളെ സംരക്ഷിക്കാനുള്ള ഒരു സഹകരണ സംഘം എന്ന നിലയില്‍ ആണ് വനിതാ കമ്മീഷന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് പറഞ്ഞത്.
‘ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.ജോസഫൈനെ മാറ്റി നിര്‍ത്തി അവരുടെ പരിഗണനയില്‍ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം ഉണ്ടാകണം’ സുധാകരന് ആവശ്യപ്പെട്ടു.
ജോസഫൈനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു. വനിതകള്‍ക്ക് ആവശ്യമില്ലാത്ത വനിതാകമ്മീഷനെ എന്തിനാണ് സര്‍ക്കാര്‍ അരിയിട്ടു വാഴിക്കുന്നതെന്ന് മനസിലാവുന്നില്ല. ഗാര്‍ഹിക പീഡനത്തേക്കാള്‍ വലിയ മാനസിക പീഡനമാണ് വനിതാകമ്മീഷന് അദ്ധ്യക്ഷയില്‍ നിന്നും സ്ത്രീകള്‍ നേരിടേണ്ടി വരുന്നത്. ഇത്തരക്കാരോട് എങ്ങനെയാണ് കേരളത്തിലെ സ്ത്രീകള്‍ പരാതി പറയുക ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വനിതാകമ്മീഷന് പിരിച്ചുവിടണമെന്ന് മുന്‍ വനിതാകമ്മീഷന് അംഗവും ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റുമായ പ്രമീളദേവി ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധമായ സമീപനവും നിലപാടുമുള്ള ജോസഫൈന് വനിതാകമ്മീഷന് അദ്ധ്യക്ഷയായി തുടരുന്നത് കേരളത്തിന് നാണക്കേടാണെന്നും അവര്‍ വ്യക്തമാക്കി.
അതേ സമയം താന്‍ അനുഭവിച്ചോളൂ എന്ന് പറഞ്ഞത് ആത്മാര്‍ഥതയോടെയും സത്യസന്ധമായിട്ടുമാണെന്നും മോശം അര്‍ത്ഥത്തിലല്ലെന്നുമാണ് ജോസഫൈന് വിശദീകരിച്ചത്.