മാവേലിക്കരയിൽ പോലീസ് മർദനമേറ്റ ഡോക്ടർ രാഹുൽ മാത്യു അവധിയില്‍ പ്രവേശിക്കും; രാജി പ്രഖ്യാപനം പിന്‍വലിച്ചു
മാവേലിക്കര: പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ രാഹുല്‍ മാത്യു പ്രഖ്യാപിച്ച രാജി പിന്‍വലിച്ചു. വിഷയത്തില്‍ കെ.ജി.എം.ഒ.എ സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ് രാഹുല്‍ മാത്യു രാജി തീരുമാനം പിന്‍വലിച്ചത്.
ഒരാഴ്ചത്തെ അവധിയില്‍ പ്രവേശിക്കുന്നതായി രാഹുല്‍ മാത്യു അറിയിച്ചു.
സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് കെ.ജി.എം.ഒ.എ. ആരോപിച്ചു. നാളെ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ആശുപതികളിലെ സ്പെപെഷ്യാലിറ്റി ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കും.
പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
മെയ് 14നാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ സി.പി.ഒ. അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ മാതാവിന് ഗുരുതരമായി കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല.
ഇതേ തുടര്‍ന്ന് മാതാവിന്റെ മരണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് അഭിലാഷ് ആശുപത്രിയില്‍ എത്തി രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. സംഭവത്തില്‍ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്.
എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം നിന്ന് രാജി പ്രഖ്യാപനം നടത്തിയത്.