അനുഭവിച്ചോളൂ എന്ന് പറഞ്ഞത് ആത്മാര്‍ഥയോടെ; പരാതിക്കാരിയോട് മോശമായി പെരുമാറിയിട്ടില്ല.. പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചുവെന്നും- എം.സി.ജോസഫൈന്
കൊല്ലം: വനിതാകമ്മിഷനില്‍ പരാതിപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് വനിതാകമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈന്. അനുഭവിച്ചോളൂ എന്ന് യുവതിയോട് പറഞ്ഞത് ആ അര്‍ഥത്തിലല്ല.
തികഞ്ഞ ആത്മാര്‍ഥയോടെയും സത്യസന്ധതയോടെയുമാണ് താനത് പറഞ്ഞതെന്നും ജോസഫൈന് പറഞ്ഞു. ഓരോ ദിവസവും നിവധി സ്ത്രീകളാണ് തങ്ങളെ വിളിക്കുന്നതെന്നും അതിനാല്‍ ഓരോ ദിവസവും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരായാണ് തങ്ങള്‍ പോയ്ക്കൊണ്ടിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. എല്ലായിടത്തും വനിതാകമ്മിഷന് ഓടിയെത്താനാകില്ല അതുകൊണ്ടാണ് പോലീസില്‍ പരാതിപ്പെടാന്‍ പറയുന്നതെന്നും ജോസഫൈന് പറഞ്ഞു.
‘പരാതിക്കാരിയോട് മോശമായി പെരുമാറിയെന്നത് ഞാന്‍ നിഷേധിക്കുന്നു. ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും ഞങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്ക് വിധേയരാണ് പോയിക്കൊണ്ടിരിക്കുന്നത്. അത്രയധികം സ്ത്രീകളാണ് ഓരോ ദിവസവും വിളിക്കുന്നത്. ഒരു സ്ത്രീക്ക് അസഹനീയമായ സംഭവം ഭര്‍ത്താവില്‍ നിന്നോ, മറ്റാരില്‍ നിന്നോ ഉണ്ടായാലും എല്ലായിടത്തും വനിതാകമ്മിഷന് ഓടിയെത്താന്‍ കഴിയില്ല. അതുകൊണ്ട് ഞങ്ങള്‍ പറയും പോലീസ് സ്റ്റേഷനില്‍പരാതിപ്പെടാന്‍. അതിന് അതിന്റേതായ ഒരു ബലമുണ്ട്. അതുകൊണ്ടാണ് പോലീസ് സ്റ്റേഷനില്‍ പോകാന്‍ പറയുന്നത്. അത് എല്ലാവരോടും പറയുന്നതാണ്. എന്നാല്‍ ചിലര്‍ യഥാവിധിയല്ല കാര്യങ്ങള്‍ മനസ്സിലാക്കുന്നതും ഉള്‍ക്കൊളളുന്നതും തിരിച്ചുപറയുന്നതും. അങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ ഉറച്ച ഭാഷയില്‍ സംസാരിച്ചുകാണും.’ ജോസഫൈന് പറഞ്ഞു.
വനിത കമ്മിഷനുള്‍പ്പടെയുളള സംവിധാനങ്ങളെ മാത്രം കുറ്റപ്പെടുത്തി ഏതെങ്കിലും ഒരു വാക്കോ, വാചകമോ അടര്‍ത്തിയെടുത്ത് അതിനെ മറ്റെന്തെങ്കിലും താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിച്ച് മുന്നോട്ട് പോവുകയല്ല വേണ്ടതെന്നും സമൂഹമാണ് മാറേണ്ടതെന്നും അവര്‍ പറഞ്ഞു.ഒരു സ്വകാര്യ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടയില്‍ പരാതിപ്പെടാന്‍ വിളിച്ച യുവതിയോടുളള ജോസഫൈന്റെ പ്രതികരണം വിവാദമായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് തന്റെ പ്രതികരണം തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടത്.