ചോരക്കുഞ്ഞിനെ കരിയിലകൂട്ടത്തിൽ ഉപേക്ഷിച്ച സംഭവം ; അമ്മയുടെ മൊഴികൾ ഞെട്ടിപ്പിക്കുന്നത്
ചാത്തന്നൂർ: ചാത്തന്നൂരിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ യുവതി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ രേഷ്മ (22)യാണ് കേസിൽ അറസ്റ്റിലായത്.
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാൻ കുഞ്ഞു തടസ്സമാകുമെന്നു കണ്ടാണ് ഉപേക്ഷിച്ചതെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഗർഭിണിയായിരുന്ന സമയത്ത് വയർ വീർത്തു വരുന്നതു മറയ്ക്കാൻ പ്രത്യേക ഇലാസ്റ്റിക് ബെൽറ്റ് രേഷ്മ ധരിക്കുകയും ചെയ്തിരുന്നു. പ്രസവ വേദന ആരംഭിച്ചപ്പോൾ ബാത്റൂമിൽ കയറി. വയർ അമർത്തിപ്പിടിച്ചു. ഇങ്ങനെ ചെയ്താൽ കുഞ്ഞു മരിക്കുമെന്ന് ഇവർ കരുതിയതാണ് മൊഴിയിലുണ്ട്.
ജീവനോടെ ജനിച്ചാൽ കുഞ്ഞു നിലത്തു വീഴണം എന്ന ലക്ഷ്യത്തോടെ പ്രസവ വേളയിൽ എഴുന്നേറ്റു നിൽക്കുകയും ചെയ്തു. പൊക്കിൾക്കൊടി പൂർണമായും മുറിച്ചു മാറ്റാതെ തന്നെ ഉടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ചെന്നും പ്രസവിച്ച സ്ഥലം വൃത്തിയാക്കി ഒന്നും സംഭവിക്കാത്ത തരത്തിൽ മുറിയിലെത്തി വേദനസംഹാരി ഗുളികകൾ കഴിച്ചു കിടന്നുറങ്ങി എന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്.
അന്വേഷണത്തിനിടെ കുഞ്ഞിന്റെ അമ്മ കൂട്ടത്തിൽ ഉണ്ടെങ്കിൽ കുറച്ചുദൂരം നടക്കുമ്പോൾ ക്ഷീണിതയാകുമെന്നു കണ്ടു രേഷ്മ ഉൾപ്പെടെ പ്രദേശത്തെ സ്ത്രീകളെ പൊലീസ് മനഃപൂർവം കൂയിരുന്നു. എന്നാൽ വേദന കടിച്ചമർത്തി അവർക്കൊപ്പം രേഷ്മ നടക്കുകയായിരുന്നു.