മുന്‍ വനംമന്ത്രിയുടെഓഫീസില്നിന്ന് മരംമുറി കേസിലെ പ്രതിയെ ഫോണില്‍വിളിച്ചു; രേഖകള്‍ പുറത്ത്
വെട്ടിലായി സി പി ഐ
തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസിലെ പ്രതി റോജി അഗസ്റ്റിനെ മുന്‍ വനംവകുപ്പ് മന്ത്രി കെ. രാജുവിന്റെ ഓഫീസില്‍നിന്ന് ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ പുറത്ത്. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി. ശ്രീകുമാറാണ് ഫെബ്രുവരി മൂന്നാം തീയതി റോജിയെ ഫോണില്‍ വിളിച്ചത്. ഇതിനുശേഷം ഫെബ്രുവരി 17-നും 25-നും ഇദ്ദേഹം റോജിയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു.
ഫെബ്രുവരി രണ്ടാം തീയതിയാണ് വിവാദമായ മരംമുറി ഉത്തരവ് റവന്യൂ വകുപ്പ് റദ്ദാക്കിയത്. ഇതിനു പിറ്റേ ദിവസമാണ് റോജി അഗസ്റ്റിനും ശ്രീകുമാറും ഫോണില്‍ സംസാരിച്ചിരിക്കുന്നത്. ഫെബ്രുവരി മൂന്നാം തീയതി മുട്ടില്‍ ഭാഗത്ത് മരംമുറി നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. വിവാദ ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തില്‍ ഈ തടികള്‍ കൊണ്ടുപോകാന്‍ പ്രതികള്‍ക്ക് തടസം നേരിട്ടിരുന്നിരിക്കാം. ഇത് നീക്കുന്നതിന് വേണ്ടിയാണ് മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചതെന്നാണ് സൂചന.
അന്നേദിവസം മുട്ടില്‍ ഭാഗത്തുനിന്ന് മുറിച്ചെടുത്ത തടികള്‍ ലക്കിടി വഴി കടന്നുപോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, തടി കൊണ്ടുപോയ വാഹനത്തിന്റെ നമ്പറോ മറ്റുവിവരങ്ങളോ ലക്കിടിയിലെ വനംവകുപ്പ് ചെക്ക്പോസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുമില്ല. ഇതാണ് റോജി അഗസ്റ്റിന് വിളിച്ചത് പരിശോധന ഒഴിവാക്കാന്‍ വേണ്ടിയാണെന്ന സംശയത്തിന് ആക്കംകൂട്ടുന്നത്. അതിനിടെ, മന്ത്രിയുടെ ഓഫീസിന് പുറമേ വനംവകുപ്പിലെ പല ഉന്നത ഉദ്യോഗസ്ഥരുമായും റോജി അഗസ്റ്റിന് ഫോണില്‍ സംസാരിച്ചതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്.