ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലില്‍ കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
മഞ്ചേരി: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
വിനീഷിനെ മഞ്ചേരി ജയിലിലാണ് താമസിപ്പിച്ചിരുന്നത്. രാത്രിയോടെ ഇയാള്‍ സെല്ലിനകത്തുവെച്ച് കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വിനീഷ് ഛര്‍ദിക്കുന്നത് കണ്ട് എത്തിയ ജയിലധികൃതര്‍ ഇയാളെ ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.
ദൃശ്യയെ കൊലപ്പെടുത്തും മുന്നെ ദൃശ്യയുടെ പിതാവിന്റെ കട ഇയാള്‍ കത്തിച്ചിരുന്നു. ഈ കേസില്‍ വിനീഷിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതി ഇതിനിടയില്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
പോലീസ് പിടിയിലായ അന്നുമുതല്‍ ഇയാള്‍ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായി പോലീസ് പറയുന്നു. അന്നുമുതല്‍ ഇയാള്‍ക്ക് പ്രത്യേക കാവലാണ് നല്‍കിയിരുന്നത്. എന്നാല്‍ ജയിലിലെത്തിയ ഇയാള്‍ കാവല്ക്കാരുടെ കണ്ണുവെട്ടിച്ച് സെല്ലിനുളളില്‍ ഉണ്ടായിരുന്ന കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.