ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണത്തിന് പ്രത്യേക നിയമം നിര്‍മിക്കുന്നതിനുള്ള സാധ്യത അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. വര്‍ഷം അന്‍പതു ലക്ഷത്തിലധികം തീര്‍ഥാടകര്‍ എത്തുന്ന ശബരിമലയെ മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുന്നതു ശരിയല്ലെന്ന് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട് പന്തളം രാജകൊട്ടാരം നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണത്തിനായി പ്രത്യേക സംവിധാനമുണ്ടാക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനായി തയാറാക്കിയ നിയമത്തിന്റെ കരട് സര്‍ക്കാര്‍ കോടതിക്കു കൈമാറി. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അറിയേണ്ടതുണ്ടെന്നു വ്യക്തമാക്കിയ കോടതി കേസ് തല്‍ക്കാലത്തേക്കു മാറ്റിവച്ചു.
നിര്‍ദിഷ്ട നിയമപ്രകാരം ശബരിമലയിലെ ഭരണ നിര്‍വഹണത്തില്‍ മൂന്നിലൊന്ന് വനിതകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിഷയം സുപ്രീം കോടതി ഏഴംഗ ബെഞ്ചിന്റെ പരിഗണനയിലേക്കു വിട്ടത് കോടതി ഓര്‍മിപ്പിച്ചു. ഏഴംഗ ബെഞ്ചിന്റെ വിധി യുവതീപ്രവേശനത്തിന് എതിരാണെങ്കില്‍ നിയമത്തിലെ ഈ നിര്‍ദേശം എങ്ങനെ നടപ്പാവുമെന്ന് കോടതി ചോദിച്ചു. ലിംഗനീതി ഉറപ്പാക്കുകയാണ് നിര്‍ദിഷ്ട നിയമത്തിലെ വ്യവസ്ഥ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ ജി പ്രകാശ് കോടതിയെ അറിയിച്ചു. എന്നാല്‍ നേരത്തെ സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജയദീപ് ഗുപ്ത എവിടെയന്നു കോടതി ചോദിച്ചു. ജയദീപ് ഗുപ്ത ഹാജരാവുന്ന പക്ഷംകേസ് ഇന്നു തന്നെ വീണ്ടും പരിഗണിച്ചേക്കും.