യുവതി തീ കൊളുത്തി മരിച്ച സംഭവം: വിഴിഞ്ഞത്ത് നാട്ടുകാർ മൃതദേഹവുമായി റോഡിൽ പ്രതിഷേധിക്കുന്നു
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തീ കൊളുത്തി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. മാത്രമല്ല, സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ കസ്റ്റഡിയില്‍ എടുത്ത സുരേഷിനെ പൊലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.
അര്‍ച്ചനയുടെ മൃതദേഹവുമായി പള്ളിച്ചല്‍-വിഴിഞ്ഞം റോഡിലാണ് നാട്ടുകാരുടെ പ്രതിഷേധം. ഇപ്പോള്‍ പ്രതിഷേധക്കാരുമായി പൊലീസ് ചര്‍ച്ച നടത്തുകയാണ്. കഴിഞ്ഞ ദിവസമാണ് അര്‍ച്ചനയെ ദുരൂഹ സാഹചര്യത്തില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.