ആരോപണങ്ങളിൽ മുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്, അനധികൃത നിയമനങ്ങളിൽ ലക്ഷങ്ങൾ കോഴ വാങ്ങിയെന്നും ഒരാഴ്ചക്കിടെ 12 പിൻവാതിൽ നിയമനങ്ങൾ, ചരടുവലിച്ചത് യൂണിയൻ നേതാവ്
തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ഒഴിവുകളിൽ പി എസ് സി വഴി നിയമനങ്ങൾ നടത്തുമെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും സംസ്ഥാനത്ത് പിൻവാതിൽ നിയമനം തകൃതി. ലക്ഷങ്ങൾ കോഴ നൽകി ഒരാഴ്ചയ്ക്കിടെ 12 പേരാണ് പിൻവാതിൽ വഴി ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിയമനം നേടിയത്. ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിലെ സർവീസ് സംഘടനാ നേതാവിന്റെ നേതൃത്വത്തിലുള്ള ഒരു ലോബിയാണ് നിയമനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.മന്ത്രിയോ സർക്കാരോ അറിയാതെയും ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലോ പി എസ് സിക്കോ റിപ്പോർട്ട് ചെയ്യാതെയും ലക്ഷങ്ങൾ കോഴ വാങ്ങിയായിരുന്നു നിയമനം. തിരുവനന്തപുരം ജില്ലാ ഓഫീസിലും കാട്ടാക്കട ഭക്ഷ്യ സുരക്ഷാ ഓഫീസിലും പാർട്ട്ടൈം സ്വീപ്പർ തസ്തികയിൽ ഇന്നലെയും സമാനരീതിയിൽ നിയമനം നടന്നുവെന്നാണ് പുറത്തുവരുന്ന വിവരം.കഴിഞ്ഞ രണ്ടാഴ്ചക്കകം നേമം, കാട്ടാക്കട, അരുവിക്കര നിയോജക മണ്ഡലങ്ങളിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിലാണ് ഒരു ഡസനോളം പേർക്ക് പിൻവാതിൽ നിയമനം നൽകിയത്. പാർട്ട് ടൈം സ്വീപ്പർ, ലാബ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികകളിലായിരുന്നു ഇത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബിലെ ഡ്രൈവറുടെ ഭാര്യയെയാണ് ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസിൽ കഴിഞ്ഞ ദിവസം പാർട് ടൈം സ്വീപ്പറായി നിയമിച്ചത്.ഭക്ഷ്യസുരക്ഷാ കമ്മിഷണറോ സർക്കാരോ തിരുവനന്തപുരം ജില്ലാ എംപ്ളോയ്മെന്റ് ഓഫീസറോ അറിയാതെയാണ് ഈ നിയമനങ്ങളെല്ലാം നിർബാധം നടന്നത്. സ്ഥിര ജീവനക്കാരേക്കാൾ അധികം താത്ക്കാലിക ജീവനക്കാരാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ജോലി നോക്കുന്നത്. ജില്ലയിലെ വിവിധ ഫുഡ് സേഫ്റ്റി ഓഫീസുകളിലേക്ക് നടത്തിയ നിയമനങ്ങൾക്കെതിരെ പരാതിയോ ആക്ഷേപമോ ഇല്ലാത്ത സാഹചര്യത്തിൽ അനലറ്റിക്കൽ ലാബിലേക്ക് ഒമ്പത് ലാബ് അസിസ്റ്റന്റുമാരെ പിൻവാതിൽ വഴി നിയമിക്കാനുള്ള ശ്രമങ്ങളും അണിയറയിൽ കൊണ്ടുപിടിച്ച് നടന്നുവരികയാണ്.തിരുവനന്തപുരത്തിന് പുറമേ മറ്റ് ജില്ലകളിലും ഇത്തരത്തിൽ താത്ക്കാലിക നിയമനത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്. 14 ജില്ലകളിലായി നൂറിലധികം പേരുടെ ഒഴിവുകളാണ് വിവിധ തസ്തികകളിലായുള്ളത്. കഴിഞ്ഞ സർക്കാരിന്റെ അവസാന നാളുകളിൽ വിവിധ തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തിയ സമരത്തിൽ, ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാനും പി എസ് സി വഴി നിയമനം നടത്താനും നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നതാണ്. അഭ്യസ്ത വിദ്യരായ നൂറ് കണക്കിനാളുകൾ തൊഴിലിനായി അലയുമ്പോഴാണ് ജീവനക്കാരുടെയും യൂണിയൻ നേതാക്കളുടെയും ഇഷ്ടക്കാരെ പിൻവാതിൽ വഴി തിരുകിക്കയറ്റുന്ന നടപടി.