പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കരിയില കുഴിയില്‍ തള്ളിയത് അമ്മ തന്നെ ;ക്രൂരകൃത്യം ചെയ്തത് സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട ഒരിക്കലും കണ്ടിട്ടില്ലാത്ത കാമുകനൊപ്പം ഒളിച്ചോടാന്‍
ചാത്തന്നൂര്‍: കരിയിലയ്ക്ക് ഇടയില്‍ ഉപേക്ഷിച്ച പിഞ്ചു കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാന്‍ പിഞ്ചുകുഞ്ഞ് തടസ്സമാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്നും ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലാത്തയാളാണ് കാമുകനെന്നും മാതാവ് പറഞ്ഞു. ചാത്തന്നൂര്‍ കല്ലുവാതുക്കല്‍ നടന്ന സംഭവത്തില്‍ ഊഴായ്ക്കോട് പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ രേഷ്മയാണ് അറസ്റ്റിലായത്.
പിഞ്ചു കുഞ്ഞ് ആരുടേത് ആണെന്ന അറിയാതെ ആറുമാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് 22 കാരി അറസ്റ്റിലായത്. രേഷ്മ ഒരിക്കലും കണ്ടിട്ടില്ലാത്ത ബാങ്ക് ജീവനക്കാരനെന്ന് സ്വയം പരിചയപ്പെടുത്തിയ കൊല്ലം സ്വദേശിയായ കാമുകന് വേണ്ടി പോലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പ്രസവിച്ച ഉടന്‍ രേഷ്മ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞ് മണിക്കൂറുകള്‍ക്കകം മരണമടഞ്ഞിരുന്നു. രേഷ്മയ്ക്ക് മൂന്ന് വയസ്സുള്ള മറ്റൊരു പെണ്‍കുഞ്ഞ് കൂടിയുണ്ട്.
രേഷ്മ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ പ്രേരണയാണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ കാരണമായത്. ഒരു കുഞ്ഞ് കൂടിയുണ്ടെങ്കില്‍ സ്വീകരിക്കാനാകില്ലെന്ന കാമുകന്റെ നിലപാടാണ് രണ്ടാമത് ജനിച്ച കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് രേഷ്മ നല്‍കിയിരിക്കുന്ന വിവരം. വീണ്ടും ഗര്‍ഭിണിയായ വിവരം രേഷ്മ കാമുകനില്‍ നിന്നും മറച്ചു വെച്ചു. രണ്ടാമതൊരു കുഞ്ഞിനെ ഗർഭം ധരിച്ച വിവരം ഭർത്താവ് വിഷ്ണുവിൽനിന്നും മറ്റ് ബന്ധുക്കളിൽ നിന്നു വരെ മറച്ചു. പ്രസവിച്ച വിവരവും ഭര്‍ത്താവിനെ അറിയിക്കാതെ സൂക്ഷിച്ചു.
ശുചി മുറിയിൽ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചു എന്നും പൊലീസ് പറയുന്നു. ജനുവരി നാലിന് 9 മണിയോടെയാണ് വീടിന് പിന്നിലെ കുളിമുറിയില്‍ രേഷ്മ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാതെ കുളിമുറിക്ക് സമീപത്തെ റബ്ബര്‍തോട്ടത്തിലെ കരിയിലകള്‍ കൂട്ടിയിടുന്ന കുഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
പ്രസവിച്ച സ്ഥലം കഴുകി വൃത്തിയാക്കിയിടുകയും ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു. സ്വന്തം കുഞ്ഞാണെന്ന് തിരിച്ചറിയാതെയാണ് രാവിലെ കരച്ചില് കേട്ട് എത്തിയ വിഷ്ണു കുഞ്ഞിനെ എടുത്തത്. പിന്നീട് പോലീസ് ഗവണ്മെന്റ് ആശുപത്രിയിലും തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. ശ്വാസകോശത്തിലടക്കം കരിയില കയറിയാണ് കുഞ്ഞ് മരിച്ചത്.
കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദർശനൻ പിള്ളയുടെയും കുടുംബത്തിന്റെ നിലപാട്. ആറു മാസം അന്വേഷണം നടത്തിയാണ് രേഷ്മയുടെ കുട്ടി തന്നെയാണെന്ന് പൊലീസ് കണ്ടെത്തിയത്. ഇതോടെ രേഷ്മയ്ക്ക് എതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
എന്നാൽ രേഷ്മ ഗർഭിണിയാണെന്നോ തുടർന്ന് പ്രസവിച്ച വിവരമോ ഭർത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ലെന്നും അവിശ്വസനീയമാണ്. ഇക്കാര്യത്തിലെ കുടുംബാംഗങ്ങളുടെ മൊഴി പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും സാമാന്യയുക്തിക്ക് അവിശ്വസനീയമെന്ന് തോന്നാവുന്ന കുറ്റകൃത്യത്തിൽ അന്വേഷണം തുടരുകയാണെന്നും പാരിപ്പള്ളി പൊലീസ് അറിയിച്ചു.