മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രന് പുറമെ കൂടുതല്‍ ബിജെപി നേതാക്കളെ പ്രതിചേർക്കും, നിർണായക തെളിവ് ലഭിച്ചതായി സൂചന
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പ്രതിയായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴ കേസില്‍ മറ്റ് ബിജെപി നേതാക്കളെ കൂടി പ്രതിചേർക്കും. കെ സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാവും മറ്റ് നേതാക്കളെ പ്രതിചേർക്കുക. അന്വേഷണ സംഘത്തിന് നിർണായക തെളിവ് ലഭിച്ചതായി സൂചന.
പണം നല്‍കുന്നതിന് മുമ്പ് ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മുന്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സുന്ദര പറഞ്ഞിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ട് പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി എഫ്ഐആറില്‍ ചേര്‍ക്കാനാണ് നീക്കം. ബിജെപി പ്രാദേശിക നേതാക്കളെ കൂടി കേസില്‍ പ്രതി ചേര്‍ത്തേക്കും.
കാസർകോട് അട്കത്ത് ബയലിലെ കെ സുരേന്ദ്രൻ താമസിച്ച സ്വകാര്യ ഹോട്ടലിലും ജോഡ്കല്ലിലുള്ള തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലും പൊലീസ് നടത്തിയ പരിശോധനയിൽ നിർണായക തെളിവ് ലഭിച്ചതായാണ് സൂചന. കെ സുന്ദരയുടെ മൊഴിയെ ബലപ്പെടുത്തുന്ന ഡിജിറ്റൽ തെളിവുകളടക്കം ഇവിടെ നിന്നും ലഭിച്ചതായാണ് വിവരം. നാമനിർദേശ പത്രിക പിൻവലിക്കാൻ രേഖകൾ ശരിയാക്കിയത് കെ സുരേന്ദ്രൻ താമസിച്ച ഹോട്ടലിൽ വെച്ചാണെന്ന് കെ.സുന്ദര മൊഴി നൽകിയിരുന്നു. ഇതിന്റെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ജോഡ്കല്ലിലെ കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലും അന്വേഷണ സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കെ സുന്ദരയെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസായി പ്രവർത്തിച്ച കെട്ടിടത്തിന്റെ ഒന്നാം നിലയിൽ താമസിപ്പിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ഈ മാസം 29നും 30നും സുന്ദരയുടെയും അമ്മ ഉൾപ്പെടെയുള്ള മറ്റ് ബന്ധുക്കളുടെയും രഹസ്യമൊഴി കോടതി രേഖപ്പെടുത്തും. ഇതിന് ശേഷം കേസിൽ മറ്റ് ബിജെപി നേതാക്കളെ കൂടി പ്രതിചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.