ബിജെപി കള്ളപ്പണം :’ജന്മഭൂമി’യുടെ പേരില്‍ മുക്കിയത് 10 കോടി ; പത്രത്തിന് നല്‍കിയത്
നാമമാത്ര തുകവാര്ത്തയുമായി സിപിഎം മുഖപത്രം
കണ്ണൂര്‍
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി കേരളത്തിലേക്ക് ഒഴുക്കിയ കുഴല്‍പ്പണത്തില്‍ 10 കോടി മുക്കിയത് ‘ജന്മഭൂമി’ ഫണ്ട് എന്നപേരില്‍. ബിജെപി സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച നൂറോളം മണ്ഡലങ്ങളിലേക്ക് ശരാശരി 10 ലക്ഷം വീതമാണ് ജന്മഭൂമി പത്രത്തിലൂടെയുള്ള പ്രചാരണത്തിനായി നിശ്ചയിച്ചത്. സപ്ലിമെന്റ് ഇറക്കിയെങ്കിലും നാമമാത്രമായ തുകയാണ് ‘ജന്മഭൂമി’ക്ക് നല്‍കിയത്.
‘ജന്മഭൂമി’ ഫണ്ട് ഉള്‍പ്പെടെ കേന്ദ്രത്തില്‍നിന്നു വന്ന കോടികള്‍ കൈകാര്യംചെയ്തത് ആര്‍എസ്എസ് നേതാക്കളാണ്. ബിജെപിയില്‍ സംഘടനാ ചുമതലയുള്ള ആഎസ്എസ് പ്രതിനിധിക്കായിരുന്നു കുഴല്‍പ്പണത്തിന്റെ മൊത്തം ചുമതല. ആര്‍എസ്എസ് നേതൃത്വവുമായി ആലോചിച്ച് പണം രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റി. ആര്‍എസ്എസ് മുഖേനയല്ലാതെയുള്ള കുഴല്‍പ്പണവും മറ്റുവഴികഴിലുടെ ലഭിച്ച കോടികളുമാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കൈകാര്യം ചെയ്തത്. മഞ്ചേശ്വരം, ബത്തേരി മണ്ഡലങ്ങളിലെ കള്ളപ്പണ ഇടപാട് പുറത്താവുകയുംചെയ്തു. കൊടകര കുഴല്‍പ്പണ ഇടപാട് നടത്തിയ ധര്മരാജന് ഒരേസമയം ആര്‍എസ്എസ്സിന്റെയും കെ സുരേന്ദ്രന്റെയും കടത്തുകാരനായി പ്രവര്‍ത്തിച്ചു.
2014-ല്‍ കേന്ദ്രത്തില്‍ ബിജെപിഅധികാരത്തില്‍ വന്നശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കുഴല്‍പ്പണം ഒഴുക്കിയിട്ടുണ്ട്. ഇതില്‍ വലിയൊരുഭാഗം തെരഞ്ഞെടുപ്പാവശ്യത്തിന് ഉപയോഗിക്കാറില്ല. കേരളത്തിലേക്ക് 2016-ല്‍ ലഭിച്ച തുകയില്‍നിന്ന് മൂന്ന് കോടിയോളമാണ് ‘കണ്ണൂര്‍ പീഡിത സഹായനിധി’യിലേക്ക് മാറ്റിയത്. പീഡിപ്പിക്കപ്പെട്ടതായി പറയുന്നവരെ കാര്യമായി സഹായിച്ചുമില്ല. കൊടകര മാതൃകയില്‍ കുഴല്‍പ്പണ കൊള്ളയടി ബിജെപിയില്‍ മുമ്പും നടന്നിട്ടുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന 1. 60 കോടി കൊള്ളയടിച്ചത് സേലത്താണ്. പരാതി നല്കാത്തതുകൊണ്ട് പുറംലോകമറിഞ്ഞില്ല.