മഹാരാഷ്ട്ര ; മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് പാർലമെൻ്റിലാണ് കര്‍ഷകപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പ്രധാനമന്ത്രിയെ കാണുന്നത് എന്നാണ് പവാറിന്റെ വിശദീകരണം. ശിവസേനയുമായി ചേര്‍ന്ന് എന്‍സിപിയും കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെ ഇന്നലെ രാജ്യസഭയില്‍ പ്രധാനമന്ത്രി മോദി എന്‍സിപിയെ പുകഴ്ത്തി സംസാരിച്ചത് ശ്രദ്ധേയമായിരുന്നു. മഹാരാഷ്ട്രയില്‍ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരണത്തിന്റെ മുഖ്യതന്ത്രജ്ഞനായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി മുന്നാട്ട് പോകുന്നതിനിടെയാണ് പവാര്‍ പ്രധാനമന്ത്രിയെ കാണുന്നത് എന്നതുകൊണ്ട് തന്നെ ഈ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമുണ്ട്.
പാര്‍ലമെന്ററി ചട്ടങ്ങള്‍ പാലിക്കുന്നതായി കാണുന്നത് എന്‍സിപിയും ബിജുജനതാദളും ആണെന്നും ഇരു പാര്‍ട്ടികളുടേയും അംഗങ്ങള്‍ പാര്‍ലമെന്റിന്റെ നടുത്തളത്തിലേയ്ക്ക് ഇറങ്ങുന്നതായി കാണാറില്ലെന്നും മോദി ഇന്നലെ രാജ്യസഭയില്‍ പറഞ്ഞിരുന്നു. എന്റെ പാര്‍ട്ടിയടക്കം എല്ലാ പാര്‍ട്ടികളും ഇവരെ കണ്ട് പഠിക്കണം – മോദി അഭിപ്രായപ്പെട്ടിരുന്നു. ഇത് വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ളതാണ് എന്നും ഉന്നം എൻസിപിയാണ് എന്നും വിലയിരുത്തപ്പെടുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപായി ശരദ് പവാറും അജിത്ത് പവാറും അടക്കമുള്ള എൻസിപി നേതാക്കളെ മഹാരാഷ്ട്ര സഹകരണ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പ്രതി ചേർത്തത് പവാറിനെ ഒതുക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് എന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപിക്ക് 17 സീറ്റ് കുറഞ്ഞു. എൻസിപിയാണെങ്കിൽ 54 സീറ്റുമായി വലിയ പരിക്കുകളില്ലാതെ തുടരുകയും ചെയ്തു.
ഡിസംബര്‍ ആദ്യ വാരത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ശിവസേന – എന്‍സിപി – കോണ്‍ഗ്രസ് സഖ്യം ലക്ഷ്യമിടുന്നത്. അതേസമയം മന്ത്രിസഭ രൂപീകരണത്തിന് തിരക്ക് കൂട്ടേണ്ടെന്നും പൂര്‍ണമായ ധാരണയിലെത്തിയിട്ട് മാത്രം മതി മന്ത്രിസഭ രൂപീകരണമെന്നുമാണ് ശരദ് പവാറിന്റേയും സോണിയ ഗാന്ധിയുടേയും നിലപാട്. അതേസമയം മുഖ്യമന്ത്രി സ്ഥാനം പങ്കുവക്കാനും മന്ത്രിസഭയില്‍ പകുതി പ്രാതിനിധ്യം നല്‍കാനും തയ്യാറായാല്‍ ബിജെപിയുമായുള്ള സഖ്യം പുനസ്ഥാപിക്കുന്നതില്‍ വിരോധമില്ല എന്ന് ശിവസേന ഇന്നലെ പറഞ്ഞത്, സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച കോണ്‍ഗ്രസിന്റേയും എന്‍സിപിയുടേയും മെല്ലെപ്പോക്ക് നയം കണക്കിലെടുത്താണ്.