ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഫീസ് വര്‍ധനയ്ക്കെതിരെ നടത്തുന്ന സമരത്തിന് പിന്തുണയര്‍പ്പിച്ച് സമൂഹമാധ്യമ ലോകം. ട്വിറ്ററില്‍ നികുതി നല്കുന്നവര് ജെ.എന്‍.യുവിനൊപ്പം എന്ന അര്‍ഥം വരുന്ന ടാക്സ്പേയേഴ്സ് വിത്ത് ജെ.എന്‍.യു ( #TaxPayersWithJNU)എന്ന ഹാഷ് ടാഗാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.
വിദ്യാഭ്യാസം, കര്‍ഷക ക്ഷേമം, ആരോഗ്യ സംരക്ഷണം, മലിനീകരണ നിയന്ത്രണം എന്നീ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് നികുതി പണം ഉപയോഗിക്കേണ്ടതെന്നും അല്ലാതെ പ്രതിമ നിര്‍മാണത്തിനോ ഭരണാധികാരികളുടെ വിദേശ യാത്രയ്ക്കോ വേണ്ടിയല്ലെന്നുമുള്ള ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില് പ്രചരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് പണം സമാഹരിക്കുന്നതിന് വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. വിദ്യാഭ്യാസം നേടുന്നതിനുള്ള ചിലവ് എല്ലാവര്ക്കും ഒരുപോലെ വഹിക്കാന്‍ കഴിയുന്നതാകണമെന്ന നിലപാടും ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്.