പിടിച്ചെടുത്ത വാഹനങ്ങള്ക്ക്സംസ്ഥാനത്താദ്യമായി ഇ ലേലം നടത്തി കാസര്‍കോട് ജില്ല വാഹനങ്ങളുടെ ശവപറമ്പുകള്‍ ഒഴിയുന്നു ഇതുവരെ ലേലം ചെയ്തത്227 വാഹനങ്ങള്‍,478 വാഹനങ്ങള്‍ കൂടി ലേലത്തിന്.
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങളുടെ ലേലത്തിന് മികച്ച പ്രതികരണം. പൊതു സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തുന്ന ഇലേലത്തിലൂടെ ഇതിനകം കൈമാറിയത് 227 വാഹനങ്ങള്‍. റവന്യൂ വകുപ്പില്‍ നിന്നും 205 വാഹനങ്ങളും പോലീസ് സ്റ്റേഷനുകളില്‍ നിന്ന് 22 വാഹനങ്ങളും വിറ്റു പോയി. വിവിധ കേസുകളില്‍പ്പെട്ട് പോലീസ് പിടിച്ചെടുത്ത 342 വാഹനങ്ങളും അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയ 136 വാഹനങ്ങളും ഉള്‍പ്പെടെ 478 വാഹനങ്ങള്‍ ഇ ലേലം വഴി വില്‍ക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 136 വാഹനങ്ങളുടെ ലേല നടപടികള്‍ അവസാന ഘട്ടത്തിലാണ്. വ്യക്തികളും സ്ഥാപനങ്ങളും ഇ ലേലത്തില്‍ പങ്കെടുത്ത് വാഹനങ്ങള്‍ സ്വന്തമാക്കുന്നുണ്ട്. ചില വാഹനങ്ങളുടെ ഉടമകളും ലേലത്തില്‍ പങ്കെടുക്കുന്നു.
പല സർക്കാർ ഓഫീസുകളുടെ മുറ്റവും പരിസരവും നിയമലംഘനത്തിന് പിടികൂടിയ വാഹനങ്ങളുടെ ശവപറമ്പായി മാറുന്നുവെന്ന പരാതിയ്ക്ക് വിരാമമിടാൻ സംസ്ഥാനത്താദ്യമായി ഇലേലം നടത്തിയത് കാസര്‍കോട് ജില്ലയാണ്. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ ആശയത്തിലായിരുന്നു ലേല നടപടികള്‍. ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് ലേലം നടക്കുന്നത്. മറ്റു ജില്ലകളില്‍ ലേലം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇത്രയും വാഹനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ സാധിച്ചത് നേട്ടമാണ്.
2019 ലാണ് ജില്ലയില്‍ പോലീസ് സ്റ്റേഷന് വളപ്പിലുള്‍പ്പെടെ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ ലേല നടപടികള്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയ 213 വാഹനങ്ങളാണ് ലേലത്തില്‍ വെച്ചത്. ഇതില്‍ 2020 മാര്‍ച്ചിലെ ലേലത്തില്‍ 55 വാഹനങ്ങള്‍ 2033676 രൂപക്കാണ് വില്‍പ്പന നടത്തിയത്. 2020 ഒക്ടോബറിലെ ലേലത്തില്‍ 150 വാഹനങ്ങള്‍ 60,36,684 രൂപക്കും വില്‍പ്പന നടത്തി. പാലക്കാട്, മംഗളൂരു, ഈരാറ്റുപേട്ട, മഞ്ചേശ്വരം, കൊയമ്പുത്തൂര്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളും വ്യക്തികളുമാണ് ലേലത്തില്‍ പങ്കെടുത്തത്.
വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് പോലീസ് പിടിച്ചെടുത്ത് സ്റ്റേഷനുകളില്‍ ഉണ്ടായിരുന്ന 369 വാഹനങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം എം എസ് ടി സി ലിമിറ്റഡിന്റെ www.mstccommerce.com മുഖേന ഇ ലേലം വഴി ഓണ്‍ലൈന്‍ വില്പനയ്ക്ക് വെച്ചത്. ഇതില്‍ 22 വാഹനങ്ങളാണ് വിറ്റു പോയത്. അഞ്ച് വാഹനങ്ങള്‍ തേടി അവകാശികള്‍ എത്തിയതോടെ അവ വിട്ടു നല്കി. ബാക്കിയുള്ള 342 വാഹനങ്ങള്‍ വീണ്ടും ഇ ലേലത്തില്‍ വെച്ചിട്ടുള്ളത്. ഇതിന് പുറമേയാണ് മണല്‍, ചെങ്കല്ല് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച് സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയ 136 വാഹനങ്ങളും ഇലേലത്തില്‍ വെച്ചത്.
തൊണ്ടിമുതല്‍, ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വാഹനങ്ങള്‍, അപകടങ്ങളില്‍പ്പെട്ട വാഹനങ്ങള്‍, വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍, എക്സൈസും മാട്ടോര്‍ വെഹിക്കില്‍ വകുപ്പും പിടിച്ചെടുത്ത് കൈമാറുന്ന വാഹനങ്ങള്‍, മറ്റ് നിയമലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍ തുടങ്ങിയവയാണ് പൊതു സ്ഥലങ്ങളിലുള്ളത്. ബൈക്കുകള്‍, ഓട്ടോ, കാര്‍, ടിപ്പര്‍ തുടങ്ങിയ വാഹനങ്ങളാണേറെയും. ഇതില്‍ തൊണ്ടിമുതല്‍ ഒഴികെയുള്ളവയാണ് ലേലം ചെയ്ത് വില്‍ക്കുന്നത്.