വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാള്‍ അന്തരിച്ചു
തിരുവനന്തപുരം: വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാള്‍ (96) അന്തരിച്ചു. വലിയശാല തെരുവിലെ വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. 2017 ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. 2009ല്‍ കേരള സര്‍ക്കാരിന്റെ സ്വാതി പുരസ്കാരം നേടി.
എട്ടു പതിറ്റാണ്ടു പിന്നിട്ട സംഗീതസപര്യയ്ക്കു ശേഷമാണ് ബി.പൊന്നമ്മാളിന്റെ വിടവാങ്ങല്‍. പ്രശസ്തരും പ്രഗല്ഭരുമായ നിരവധി പേര് അവരുടെ ശിഷ്യപരമ്പരയിലുണ്ട്. നെയ്യാറ്റിന്‍കര വാസുദേവന്‍, പാലാ സി.കെ. രാമചന്ദ്രന്, ഡോ. ഓമനക്കുട്ടി, കുമാരകേരള വര്‍മ, എം.ജി.രാധാകൃഷ്ണന്, പൂവരണി കെ.വി.പി.നമ്പൂതിരി തുടങ്ങിയവര്‍ അവരുടെ ശിഷ്യഗണത്തില്‍ ഉള്‍പ്പെടുന്നു.
പാറശ്ശാല ഗ്രാമത്തില്‍ ഹെഡ്മാസ്റ്റായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924 ലാണ് പൊന്നമ്മാള്‍ ജനിച്ചത്. ഏഴാം വയസ്സില്‍ സംഗീത അഭ്യസനം ആരംഭിച്ചു. പ്രശസ്ത സംഗീതജ്ഞന് പാപനാശം ശിവന്റെ ശിഷ്യയാണ്. ശ്രീചിത്തിര തിരുനാള്‍ രാജാവിന്റെ പിറന്നാളിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംഗീതമല്‍സരത്തില്‍ ഒന്നാം സമ്മാനം നേടുമ്പോള്‍ 15 വയസ്സായിരുന്നു പൊന്നമ്മാളിന്റെ പ്രായം. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരായിരുന്നു അന്ന് വിധികര്‍ത്താവ്.
ുമൃമമൈഹമയുീിിമാാമഹ3
തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത അക്കാദമിയിലെ ആദ്യ ബാച്ചിലെ ആദ്യ വിദ്യാര്‍ഥിനിയായിരുന്ന അവര്‍ ഗാനപ്രവീണയും തുടര്‍ന്ന് ഗാനഭൂഷണും ഒന്നാം റാങ്കോടെ പാസായി. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടിയ വനിത എന്ന പെരുമയും അവര്‍ക്കുണ്ട്. പതിനെട്ടാം വയസ്സില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളില്‍ സംഗീത അധ്യാപികയായി.
1952ല്‍ സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ അധ്യാപികയായി. അവിടെ ലക്ചററായും പ്രഫസറായും പ്രവര്‍ത്തിച്ചു. കോളജിലെ ആദ്യ വനിതാ പ്രിന്‍സിപ്പലായി. 1980 ല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി മ്യൂസിക് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സ് പ്രിന്‍സിപ്പലായാണ് വിരമിച്ചത്.
1965ല്‍ ഗായകരത്നം അവാര്‍ഡ് ലഭിച്ചു. കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്, കേന്ദ്ര സംഗീതനാടക ഫെല്ലോഷിപ്പ്, കേന്ദ സംഗീത നാടക അക്കാദമി അവാര്‍ഡ്, ചെമ്പൈ ഗുരുവായൂരപ്പന് പുരസ്കാരം, മദ്രാസ് മ്യൂസിക് അക്കാദമി പുരസ്കാരം, ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്കാരം തുടങ്ങിയ അവര്‍ നേടിയ ബഹുമതികളില്‍ ഉള്‍പ്പെടുന്നു. പരേതനായ ആര്. ദൈവനായകം അയ്യരാണ് ഭര്‍ത്താവ്. മക്കള്‍: സുബ്രഹ്മണ്യം, മഹാദേവന്.