തിരുവനന്തപുരം: കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ ‘മാവോയിസ്റ്റ് – ഇസ്ലാമിക തീവ്രവാദ’ കൂട്ടുകെട്ട് – എന്ന ആരോപണത്തിന് തെളിവുണ്ടെന്ന അവകാശവാദവുമായിസി.പി.എം.മുൻ കണ്ണൂർ ജില്ലാസെക്രട്ടറി പി ജയരാജൻ. സിആർപിപി (കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ്) എന്ന സംഘടനയ്ക്ക് എതിരെയാണ് പി ജയരാജന്റെ ആരോപണം. ഈ സംഘടനയിൽ നിരോധിതസംഘടനാ പ്രവർത്തകരുണ്ടായിരുന്നുവെന്നും, ഇതിൽ മലയാളികളടക്കമുള്ളവർ പ്രവർത്തിച്ചിരുന്നുവെന്നുമാണ് പി ജയരാജൻ പറഞ്ഞത്. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന്റെ അമ്മ അർപുതാമ്മാൾ അടക്കമുണ്ടായിരുന്ന യോഗത്തിൽ പങ്കെടുത്ത മലയാളിയായ ഒരു പ്രൊഫസറുടെ പേരെടുത്ത് പറഞ്ഞാണ് പി ജയരാജന്റെ ആരോപണം.
പാർലമെന്റ് ആക്രമണക്കേസിൽ ആദ്യം പ്രതിയായി ശിക്ഷിക്കപ്പെടുകയും പിന്നീട് സുപ്രീംകോടതി വെറുതെ വിടുകയും ചെയ്ത ദില്ലി സർവകലാശാലാ പ്രൊഫസർ എസ്എആർ ഗീലാനി വൈസ് പ്രസിഡന്റായ സംഘടനയാണ് ഇത്. ഇതിനെ ചൂണ്ടിക്കാട്ടിയാണ് ജയരാജന്റെ ആരോപണം.
”സിആർപിപി (കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ്) എന്ന സംഘടനയുടെ ലേബലിൽ നിരോധിത സംഘടനാപ്രവർത്തകർ ഉണ്ട്. അതിന്റെ യോഗത്തിൽ കോഴിക്കോട്ടെ ഒരു പ്രൊഫസർ കോയ പങ്കെടുത്തിട്ടുണ്ട്. മൂന്ന് മലയാളികളും അതിലുണ്ടായിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന്റെ അമ്മ അർപുതാമ്മാളും ഈ യോഗത്തിലുണ്ടായിരുന്നു. വനത്തിനകത്ത് താമസിക്കുന്ന മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാൻ പുറത്ത് ചില മനുഷ്യാവകാശ സംഘടനകളുടെ ലേബലിൽ പ്രവർത്തിക്കുന്നത് ഇസ്ലാമിക തീവ്രവാദബന്ധമുള്ളവരാണ്”, എന്ന് ജയരാജൻ പറഞ്ഞു.
പന്തീരങ്കാവിലെ യുഎപിഎ അറസ്റ്റുകളെക്കുറിച്ച് പൊലീസിന് വ്യക്തമായ ബോധ്യമുള്ളതു കൊണ്ടാകാം നടപടിയെടുത്തത് എന്നാണ് ജയരാജൻ പറയുന്നത്. ”അത് മുസ്ലിം ചെറുപ്പക്കാർക്ക് എതിരായ നടപടിയായി ചിത്രീകരിക്കുന്നത് സമൂഹത്തിന് അപകടമാണ്. അതാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട്ട് അറസ്റ്റിലായ ചെറുപ്പക്കാർ ഈ മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ടിരിക്കാം എന്ന് മാത്രമേ എനിക്ക് പറയാനാകൂ. പക്ഷേ, അതിൽ യുഎപിഎ ചുമത്തിയത് തെറ്റാണ് – എന്ന് പി ജയരാജൻ. അവരുടെ പേരിൽ നടപടിയെടുക്കേണ്ടതിന് വേറെ നിയമങ്ങളുണ്ടെന്നിരിക്കെ യുഎപിഎ ചുമത്തരുത് എന്നാണ് സിപിഎം പറയുന്നത്”, എന്ന് ജയരാജൻ.
”മതന്യൂനപക്ഷങ്ങൾക്ക് വേണ്ടി എന്നും പോരാടിയത് ഇടതുപക്ഷമാണ്. മതാടിസ്ഥാനത്തിൽ രാജ്യത്തും പൊതുവേ ലോകത്തും തീവ്രവാദം ശക്തിപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി ഹിന്ദുത്വ തീവ്രവാദമാണ്.
അവർ തിരികെ ചൂണ്ടിക്കാട്ടുന്നത് ന്യൂനപക്ഷങ്ങൾക്ക് ഇടയിലുള്ള തീവ്രവാദമാണ്. അത് ആർക്കും നിഷേധിക്കാനാവില്ല. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടന നിലവിലുണ്ട്. അതിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ട്.
കണ്ണൂരിലും കാസർകോട്ടും ഐഎസ് റിക്രൂട്ട്മെന്റ് ഉണ്ടായിട്ടുണ്ടല്ലോ. മതഭ്രാന്ത് പ്രചരിക്കുകയാണ് ഇവിടെ. അങ്ങനെ പ്രചരിപ്പിക്കുന്ന ചിലർ മാവോയിസ്റ്റുകളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നാണ് മോഹനൻ പറഞ്ഞത്.
ഹിന്ദുത്വ തീവ്രവാദം എന്ന് പറഞ്ഞാൽ, അത് ഹിന്ദുക്കൾക്ക് എതിരല്ല. ഇസ്ലാമിക തീവ്രവാദശക്തികൾ എന്ന് പറഞ്ഞാൽ ലീഗിന് അതുപോലെ പ്രകോപനം തോന്നേണ്ട കാര്യമില്ല”, എന്നും പി ജയരാജൻ.
ഇതേ ആരോപണങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലും പി ജയരാജൻ മുന്നോട്ടുവയ്ക്കുന്നു. പോസ്റ്റ് ചുവടെ
https://www.facebook.com/pjayarajan.kannur/posts/2538357126423542