കാട്ടുപന്നിയുടെ ഇറച്ചിയും മാന്‍കൊമ്പുമായി രണ്ട് പേര് വനപാലകരുടെ പിടിയില്‍
രാജപുരം: മലയോരത്ത് മൃഗവേട്ട വ്യാപകമാണെന്ന പരാതി വ്യാപകമാകുന്നതിനിടെ പന്നിയിറച്ചിയും മാൻകൊമ്പുമായി രണ്ടു പേർ അറസ്റ്റിൽ.
പാകം ചെയ്ത 5 കിലോ കാട്ടുപന്നിയുടെ ഇറച്ചിയും മാൻകൊമ്പുമായാണ് രണ്ട് പേരെ പനത്തടി ഫോറസ്റ്റ് റെയ്ഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയത്. കള്ളാർ അടോട്ട്കയയിലെ വിജയൻ (47) വേണു (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ കെണിവച്ചാണ് ഇവർ പന്നിയെ പിടികൂടിയത്, ഇതിന് ശേഷം ഇറച്ചി നാല് പേർ പങ്കിട്ടെടുത്തു. ഇതിൽ രണ്ട് പ്രതികളെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്, രണ്ട് പേരെ കണ്ടെത്താനായി അന്വേഷണം നടക്കുന്നതായി അന്വേഷണോദ്യോഗസ്ഥൻ വ്യക്തമാക്കി.
റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.അഷ്റഫിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ്.എഫ്.ഒ മാരായ ബി. ശേഷപ്പ, പ്രഭാകരൻ. ബി.എഫ്.ഒമാരായ പുഷ്പാവതി, ആർ.കെ രാഹുൽ, എം.പി അഭിജിത്ത്, കെ.വി അരുൺ, ടി.എം സിനി, എൻ.കെ സന്തോഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു