കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. തിരുവനന്തപുരം പൂവച്ചൽ കുഴിയംകൊണം ജമാ അത്ത് പള്ളിയിൽ ഇന്ന് വൈകീട്ട് സംസ്കാരം നടക്കും.
മുന്നൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ പാട്ടെഴുതി. 1948 ഡിസംബർ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് സമീപം അബൂക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദർ ജനിച്ചത്.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ വലപ്പാട് പോളിടെക്നിക്കിൽ നിന്ന് എഞ്ചനീയറിങ്ങ് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ നിന്ന് എഎംഐഇ-യും പാസായി. പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനിയറായിരുന്നു. 1972 -ൽ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദർ പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങൾക്കുവേണ്ടി ഗാനങ്ങൾ രചിച്ചു.