ലോകസംഗീത ദിനത്തിൽ പുല്ലാങ്കുഴലിൽ നാദവിസ്മയം തീർത്ത് രാജേഷ് മധുരക്കാട്
കാഞ്ഞങ്ങാട് : ലോക സംഗീത ദിനത്തിൽ പുല്ലാങ്കുഴലിൽ നാദവിസ്മയം തീർത്ത് രാജേഷ് മധുരക്കാട്. മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി. സ്കൂൾ ഓൺ ലൈൻ പരിപാടിയിലാണ് രാജേഷിൻ്റെ ഓടക്കുഴൽ സംഗീതം കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും നവ്യാനുഭവമായത്.
കാഞ്ഞങ്ങാട് കുശാൽ നഗറിൽ തയ്യൽ തൊഴിൽ ചെയ്ത് ജീവിക്കുന്ന രാജേഷ് കോവിഡ് മഹാമാരിക്കാലത്തും ഓൺലൈൻ സംഗീത ലോകത്ത് സജീവമാണ്. നാട്ടിൻ പുറത്തെ അമേച്വർ നാടകങ്ങളിൽ ഓടക്കുഴൽ കേട്ടാണ് സംഗീത ലോകത്തേക്ക് കടന്നുവന്നത്. കീബോർഡിസ്റ്റ് കാഞ്ഞങ്ങാട് സൗത്തിലെ ബാലകൃഷ്ണനും തബലിസ്റ്റ് അനിൽ കാഞ്ഞങ്ങാടുമാണ് രാജേഷിലെ കലാകാരനെ കണ്ടെത്തിയത്.
കാഞ്ഞങ്ങാട് രാജഗോപാലൻ മാസ്റ്ററിൽ നിന്ന് ക്ലാസിക് സംഗീതവും ഉസ്താദ് ഹസൻ ഭായിയിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചു. ജോൺസൺ പുഞ്ചക്കാടിൻ്റെ പുല്ലാങ്കുഴലിലെ മാന്ത്രിക സ്പർശവും രാജേഷിലെ കലാകാരനെ വളർത്തുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയെട്ട് വർഷങ്ങളായി നാടകങ്ങൾക്കും സംഗീത മേളകൾക്കും പിന്നണിയിൽ പ്രവർത്തിക്കുന്നു.
ഫ്യൂഷൻ സംഗീതത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
ഭാര്യ റോഷിണിയും വിദ്യാർഥിനിയായ മീനാക്ഷിയും രാജേഷിൻ്റെ സംഗീത ജീവിതത്തിൽ പ്രോത്സാഹനവുമായി ഒപ്പമുണ്ട്.