അനുജന്റെ കാർമികത്വത്തിൽ ജേഷ്ഠന്റെ വിവാഹം;
ജില്ലയിലെ ഏക തീയ്യതന്ത്രിയായ
നെല്ലിക്കുന്ന് ക്ഷേത്രത്തിലെ മേൽശാന്തിക്കാണ് ഈ നിയോഗം
പാലക്കുന്ന് : നെല്ലിക്കുന്ന് സുബ്രമണ്യസ്വാമി ക്ഷേത്ര തിരുനട ഞായറാഴ്ച അത്യപൂർവമായ ഒരു വിവാഹ ചടങ്ങിന് സാക്ഷ്യമായി. ആ ക്ഷേത്രത്തിലെ മേൽശാന്തിയായ അനുജന്റെ കാർമികത്വത്തിൽ ജേഷ്ഠന്റെ വിവാഹകർമം നടന്നു. അനുജൻ ആ ക്ഷേത്രത്തിലെ മേൽശാന്തിയും.ജില്ലയിലെ ഏക തീയ്യ
മേൽശാന്തി, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേൽശാന്തി എന്നീ വിശേഷണങ്ങൾ കൂടി സ്വന്തം പേരിൽ എഴുതി ചേർത്ത ശ്രീനീഷ് എന്ന 26 കാരനാണ് ജേഷ്ഠന്റെ വിവാഹ മംഗള കർമങ്ങൾ നടത്താൻ നിയോഗമുണ്ടായത്. പാലിച്ചിയടുക്കം തൊട്ടിയിൽ ടി. ശ്രീധരന്റെയും സി. കാർത്യായനിയുടെയും മകനും പ്രവാസിയുമായ ശ്രീധിഷും മധുർ പതിക്കാൽ പട്ട്ളയിൽ യു.കെ. വാസുദേവൻ, ഉമാവതി ദമ്പതിമാരുടെ മകൾ വി. ദീപികയുടെയും താലികെട്ട് ചടങ്ങിനാണ് വരന്റെ അനുജനായ മേൽശാന്തി കാർമികത്വം വഹിച്ചത്.
2002ലെ സുപ്രീം കോടതി വിധിയനുസരിച്ച് ഏതൊരു ഹിന്ദുവിനും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പൂജ ചെയ്യുന്നതിൽ വിലക്കില്ല. പറവൂർ ശ്രീധരൻ തന്ത്രിയുടെ മകൻ രാഗേഷ് തന്ത്രിയാണ് നിർണായകമായ ഈ വിധി നേടിയെടുത്ത് ചരിത്രം സൃഷ്ടിച്ചത്. അതനുസരിച്ച്
അബ്രാഹ്മണർക്ക് ക്ഷേത്രങ്ങളിൽ പൂജാദി കർമങ്ങൾ അനുഷ്ഠിക്കാനുള്ള പരിശീലനത്തിനായി 2003 ൽ എറണാകുളം പറവൂറിൽ സ്ഥാപിച്ച വിദ്യാപീഠത്തിൽ നിന്ന് ആദ്യമായി ഉപനയനാദി സംസ്കാരങ്ങളോടെ പൂണുൽ അണിഞ്ഞു വിഗ്രഹാരാധയ്ക്ക് തീയ്യ സമുദായാംഗമായ ശ്രീനിഷ് യോഗ്യത നേടി.ചെറു പ്രായത്തിൽ തന്നെ നിരവധി ക്ഷേത്ര പ്രതിഷ്ഠകളും കൊടിമര പ്രതിഷ്ഠയും ശ്രീനിഷ് നടത്തി. തുടർന്നാണ് നെല്ലിക്കുന്ന് ക്ഷേത്രത്തിൽ മേൽശാന്തിയായത്. പാലക്കുന്ന് കഴകത്തിലെ ചെമ്മനാട് പ്രാദേശിക സമിതിയിൽ പെടുന്നവരാണ് ഈ കുടുംബം.