ഒടുവില്‍ ആ പ്രണയം പരാജയപ്പെട്ടു; കൈകള്‍ ചങ്ങലയില്‍ ബന്ധിച്ച കമിതാക്കള്‍ 123 ദിവസത്തിനു ശേഷം ചങ്ങല അഴിച്ചു
അടി മൂക്കുമ്പോള്‍ പരസ്പരം ഇട്ടിട്ട് പോകാതിരിയ്ക്കാന്‍ യുക്രെയിനിലെ ദമ്പതികളായ അലക്സാണ്ടര്‍ കുഡ്ലെയുടേയും പങ്കാളി വിക്ടോറിയ പുസ്റ്റോവിറ്റോവയും ചങ്ങല കൊണ്ട് കൈകള്‍ ബന്ധിച്ച വാര്‍ത്ത നാളുകള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു. പ്രണയ ദിനത്തിലാണ് ഇത്തരമൊരു വിചിത്ര ആശയം ഇവര്‍ നടപ്പിലാക്കിയത്. അലക്സാണ്ടറാണ് ഈ ആശയം ആദ്യം പങ്കുവെച്ചത്. എന്നാല്‍ വിക്ടോറിയ ആദ്യം ഈ ആശയത്തിന് എതിരായിരുന്നു. പിന്നീട് വിക്ടോറിയയും അലക്സാണ്ടറുടെ ഈ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും പരസ്പരം കൈകള്‍ ചങ്ങല കൊണ്ട് ബന്ധിക്കുകയായിരുന്നു.
ആദ്യമൊക്കെ പ്രയാസം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇതുമായി തങ്ങള്‍ പൊരുത്തപ്പെട്ടുവെന്നും ഇരുവരും പറഞ്ഞിരുന്നു. തുടര്‍ന്ന് ടെലിവിഷന്‍ ടോക്ക് ഷോകളിലും ഇവര്‍ പ്രണയത്തെ കുറിച്ച് വാചാലരായി എത്തിയിരുന്നു. എന്നാല്‍ 123 ദിവസത്തിന് ശേഷം ഇരുവരും ചങ്ങല അഴിച്ചു മാറ്റാനുള്ള തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്. ജൂണ്‍ 17നാണ് ഇവര്‍ പിരിയാന്‍ തീരുമാനിച്ചതെന്നാണ് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിക്ടോറിയയ്ക്ക് ഈ പ്രണയത്തില്‍ തുടരാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയതോടെയാണ് അലക്സാണ്ടര്‍ ചങ്ങല അഴിക്കാന്‍ തീരുമാനമെടുത്തത്.
സ്വതന്ത്രയാക്കിയതോടെ വിക്ടോറിയ വളരെ സന്തോഷവതിയായിരുന്നു. ഒറ്റയ്ക്ക് ജീവിതം നയിക്കാനും ഒരു സ്വതന്ത്ര വ്യക്തിയായി വളരാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വിക്ടോറിയ പറഞ്ഞു. ഉക്രെയ്നിലെ വളരെ അകലെയുള്ള പ്രദേശങ്ങളിലാണ് ഇപ്പോള്‍ ഇരുവരും താമസിക്കുന്നത്. ഉക്രേനിയന്‍ റെക്കോര്‍ഡ് മേധാവി വിറ്റാലി സോറിന്റെ മേല്‍നോട്ടത്തിലാണ് ചങ്ങല അഴിച്ചത്. മെയ് 19ന്, ചങ്ങലയില്‍ ബന്ധിതരായി ഏറ്റവും കൂടുതല്‍ കാലം കഴിഞ്ഞ ദമ്പതികള്‍ എന്ന ലോക റെക്കോര്‍ഡ് ഇവര്‍ തകര്‍ത്തിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരെയും ഫോളോ ചെയ്തിരുന്നവര്‍ക്ക് ഇരുവരും നന്ദി അറിയിച്ചു. ഇരുവരും മുമ്പും ഇപ്പോഴും സന്തോഷത്തിലാണെന്ന് അലക്സാണ്ടര്‍ പറഞ്ഞു.