പോലീസുകാരനോട് 500 രൂപ കടംവാങ്ങി നല്കി ; പൊളളലേറ്റ ഭാര്യയെ കൊണ്ടുപോകാന്‍ ആദിവാസി യുവാവിന് സിപിഎം പ്രവര്ത്തകന് തന്റെ വസ്ത്രവും ഊരി നല്കി
മാനന്തവാടി: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയേയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകുന്ന ആദിവാസി യുവാവിന് ധരിക്കാൻ സ്വന്തം ഉടുമുണ്ടും, ടീ ഷർട്ടും ഊരി നൽകുന്ന സിപിഎം പ്രവര്‍ത്തകന്റെ ചിത്രം വൈറലാകുന്നു. മാനവികതയുടെ സൗന്ദര്യം എന്ന് തുടങ്ങുന്ന വാചകത്തോടെ മാനന്തവാടി എംഎല്‍എ ഒ.ആര്. കേളു നടത്തിയിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ആള്ക്കാര് ഏറ്റെടുത്തിരിക്കുന്നത്.
തവിഞ്ഞാല്‍ വെണ്മണി സ്വദേശിയും സി.പി.ഐ.എം. വെണ്മണി ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. വാളാട് മേഖല പ്രസിഡന്റുമായ അര്ജുന് വെണ്മണി എന്ന യുവാവിന്റെ ചിത്രമാണ് എംഎല്‍എ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വെണ്മണി ആദിവാസി കോളനിയില്‍ ഉണ്ടായ സംഭവത്തില്‍ മിനിയെന്ന യുവതിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകാന്‍ പണിസ്ഥലത്ത് നിന്നും ഓടിയെത്തിയ ഗോപിയെന്ന ആദിവാസി യുവാവിനാണ് സിപിഎം പ്രവര്ത്തകന് തന്റെ വസ്ത്രം അഴിച്ചു നല്‍കിയത്.
കൂലിപ്പണി കഴിഞ്ഞു വന്നപ്പോള്‍ തന്നെ ഭാര്യയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകേണ്ടി വന്ന ഗോപി ധരിച്ചിരുന്നത് മുഷിഞ്ഞ വസ്ത്രമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ഉടനടി കൊണ്ടുപോകേണ്ട സാഹചര്യം വന്നപ്പോഴാണ് തന്റെ ഉടമുണ്ടും ബനിയനും ഗോപിയ്ക്ക് നല്കി അര്ജുന് ഗോപിയുടെ വസ്ത്രവും സ്വീകരിച്ചത്. പൊള്ളലേറ്റ മിനിയുമായി ഗോപിയ്ക്കൊപ്പം മാനന്തവാടി ആശുപത്രിയിലേക്ക് അര്‍ജുനും സുഹൃത്തും പോയിരുന്നു. ഗുരുതരാവസ്ഥയിലായ മിനിയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകണമെന്ന് ഡോക്ടര്‍ പറയുകയായിരുന്നു.
ഓടി വന്നതിനാല്‍ ആരുടേയും കയ്യില്‍ പണം ഇല്ലായിരുന്നു. ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയതിനാല്‍ കടകളും തുറന്നിരുന്നില്ല. ഒടുവില്‍ മൊഴിയെടുക്കാന്‍ വന്ന പൊലീസുകാരനോട് 500 രൂപ കടം വാങ്ങി നല്കിയ ശേഷം, അര്ജുന് താനിട്ടിരുന്ന വസ്ത്രം ഗോപിക്ക് ഊരി നല്കി ആംബുലന്‍സില്‍ കയറ്റി വിടുകയായിരുന്നു. സംഭവം നടക്കുന്നതിനിടയില്‍ അര്ജുന് അറിയാതെ സുഹൃത്ത് പകര്‍ത്തിയ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നിരവധിപേരാണ് അര്‍ജുനെ അഭിനന്ദിച്ചിരിക്കുന്നത്.
തുടര്‍ന്നായിരുന്നു മാനന്തവാടി എം.എല്‍.എ ഒ.ആര് കേളു ഫേസ്ബുക്കില്‍ ഫോട്ടോയോടൊപ്പം കുറിപ്പിട്ടത്.
ഒ.ആര്. കേളു എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്
മാനവികതയുടെ സൗന്ദര്യം ഇത്ര മേൽ പൂത്തുലഞ്ഞ് നിൽക്കുന്നത് കണ്ടിട്ടുണ്ടോ….?
പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയേയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകുന്ന ആദിവാസി യുവാവിന് ധരിക്കാൻ സ്വന്തം ഉടുമുണ്ടും, ടീ ഷർട്ടും ഊരി നൽകുന്ന യുവാവിന്റെ ചിത്രമാണിത്..
തവിഞ്ഞാൽ വെൺമണി സ്വദേശിയും സി.പി.ഐ.എം വെൺമണി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ വാളാട് മേഖല പ്രസിഡന്റും ആയ അർജുൻ വെൺമണി എന്ന സഖാവാണ് മനുഷ്യത്വത്തിന്റെ മഹനീയ കാഴ്ചയുമായി മാതൃകയായത്..
കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് വെൺമണി ആദിവാസി കോളനിയിലെ യുവതി മിനിക്ക് സാരമായി പൊള്ളലേൽക്കുന്നത്. ഉടനെ
അർജുനൻ സുഹൃത്തിനൊപ്പം മിനിയുടെ ഭർത്താവ് ഗോപിയേയും കൂട്ടി ആദ്യം ഓട്ടോയിലും പിന്നീട് ആംബുലൻസിലും മാനന്തവാടി മെഡിക്കൽ കോളേജിലെത്തുകയായിരുന്നു ..
ഗുരുതരാവസ്ഥയിലായ മിനിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകണമെന്ന് ഡോക്ടർ പറഞ്ഞു.
ഭർത്താവായ ഗോപിയാണ് ആംബുലൻസിൽ കൂടെ പോകേണ്ടത്.
കൂലിപ്പണി കഴിഞ്ഞു വന്ന ഗോപിയുടെ വസ്ത്രം നിറയെ അഴുക്ക് പുരണ്ടതും ദീർഘയാത്രക്ക് പറ്റിയ ഒന്നുമായിരുന്നില്ല.പെട്ടെന്ന് വന്നതിനാൽ ആരുടേയും കയ്യിൽ പണവുമില്ല. കൂടാതെ സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതിനാൽ കടകളുമില്ല.. പുതിയതൊന്ന് വാങ്ങാൻ ….
ഒടുവിൽ മൊഴിയെടുക്കാനായി വന്ന പോലീസുകാരനോട് 500 രൂപ കടം വാങ്ങി നൽകിയ ശേഷം, ഒട്ടും മടി കൂടാതെ താനിട്ടിരുന്ന വസ്ത്രവും അർജുൻ ഗോപിക്ക് ഊരി നൽകി ആംബുലൻസിൽ കയറ്റി വിടുകയായിരുന്നു..
മിനി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനസുകൾ ഈ പ്രതിസന്ധി കാലഘട്ടത്തിലും ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു….
ഇതിനിടയിൽ അർജുൻ അറിയാതെ സുഹൃത്ത് പകർത്തിയ ചിത്രമാണിത്..
പ്രിയ സഖാവിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ ….