നീതി ലഭിച്ചില്ലെന്ന്, നാല്പാടി വാസു വധക്കേസില്‍ സുധാകരന്റെ വെളിപ്പെടുത്തലിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കണ്ണൂർ :നാല്പാടി വാസു വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിക്കും. കേസില്‍ നീതി ലഭിച്ചില്ലെന്ന് വാസുവിന്റെ സഹോദരന് രാജന് മീഡിയവണിനോട് പറഞ്ഞു. തന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരുടെ സംഘത്തില്‍ വാസു ഉണ്ടായിരുന്നില്ലെന്ന സുധാകരന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുടുംബം കോടതിയെ സമീപിക്കുന്നത്. 1993 മാര്‍ച്ച് 4ന് ആണ് നാല്പാടി വാസു കൊല്ലപ്പെട്ടത്. കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലെ സുധാകരന്റെ പരാമര്‍ശത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത് എത്തിയത്. നിരപരാധിയെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു സുധാകരന്റെ പ്രസ്താവനയിലൂടെ തെളിഞ്ഞു. സിപിഎം പ്രവര്‍ത്തകനായ നാല്പാടി വാസു ആക്രമിക്കാന്‍ വന്നപ്പോള്‍ വെടിവച്ചെന്നാണു സുധാകരന് പറഞ്ഞിരുന്നത്. അക്രമത്തില്‍ പങ്കാളിയല്ലാതെ, മരച്ചുവട്ടില്‍ നിന്ന നാല്പാടി വാസുവിനു വെടിയേറ്റെന്നാണ് ഇപ്പോള്‍ സുധാകരന് പറയുന്നത്- രാജന് പറഞ്ഞു. പുനരന്വേഷണം ആവശ്യപ്പെട്ടു നേരത്തേ നിവേദനം നല്‍കിയെങ്കിലും എന്നാല്‍ തള്ളിപ്പോവുകയായിരുന്നുവെന്നും രാജന് പറഞ്ഞു. സിപിഐഎം പ്രവര്‍ത്തകനായ സേവറി നാണു കൊല്ലപ്പെട്ട കേസിലും പുനരന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. സേവറി നാണു വധം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കെ സുധാകരന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.