രജിസ്ട്രേഷന് പുറത്ത്, ഓട്ടം കേരളത്തില്‍: റോഡ് ടാക്സ് വെട്ടിച്ച ലോറികള്‍ പിടികൂടാനിറങ്ങി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം :അയല്‍ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നിയമം ലംഘിച്ച് കേരളത്തില്‍ ചരക്കുനീക്കം നടത്തുന്നു. ഇതുവഴി സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്നത് കോടികളുടെ നഷ്ടം. ശനിയാഴ്ച രാത്രി അങ്കമാലിയില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച് ചരക്ക് നീക്കം നടത്തിയ രണ്ട് ലോറികള്‍ പിടികൂടി.
കാലടിയില്‍നിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരില്‍നിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയുമാണ് പിടിച്ചത്. രണ്ട് വാഹനങ്ങള്‍ക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തിനകത്ത് ചരക്ക് നീക്കം നടത്തുന്നതിന് നിരോധനമുണ്ട്.
എന്നാല്‍, ഇത് ലംഘിച്ച് നിരവധി വാഹനങ്ങള്‍ കേരളത്തിനകത്ത് ചരക്ക് നീക്കം നടത്തുന്നുണ്ട്. മലയാളികള്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും പോയി ട്രക്കുകള്‍ വാങ്ങി അവിടെ രജിസ്ട്രേഷനും നടത്തി കേരളത്തില്‍ കൊണ്ടുവന്ന് ഓടിക്കുന്നുണ്ടെന്ന് ഓള് കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി സുബിന് പോള്‍ പറഞ്ഞു.
30 ടണ്‍ ഭാരം കയറ്റാവുന്ന ട്രക്കിന് കേരളത്തില്‍ മൂന്നു മാസം കൂടുമ്പോള്‍ 25,000 രൂപ റോഡ് ടാക്സ് അടയ്ക്കണം. എന്നാല്‍, കര്‍ണാടകയില്‍ ഒരു വര്‍ഷത്തേക്ക് ഈ തുക മതി. കൂടാതെ വര്‍ഷംതോറുമുള്ള വാഹന ടെസ്റ്റിനും കര്‍ണാടകയില്‍ തുച്ഛമായ ചെലവേയുള്ളൂ.
കര്‍ണാടക രജിസ്ട്രേഷനിലുള്ള വാഹനങ്ങള്‍ക്ക് ടാക്സ് കുറവായതിനാല്‍ കുറഞ്ഞ നിരക്കില്‍ ഓടാനും കഴിയും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നുള്ള ചരക്കുനീക്കത്തിന് പോലും ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും സെക്രട്ടറി സുബിന് പോള്‍ പറഞ്ഞു.