പ്രതികളുടെ ഭാര്യമാർക്കും ജീവിക്കണം, അവർക്കും മനുഷ്യാവകാശങ്ങൾ ഉണ്ട്, ആശുപത്രി നിയമനത്തെ ന്യായീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഷേധവുമായി കോൺഗ്രസും ലീഗും.
കാസര്‍കോട്:പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ അനുവദിച്ച ജോലിയെ ന്യായീകരിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പ്രതികളുടെ ഭാര്യമാര്‍ക്കും മനുഷ്യാവകാശമുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് പറഞ്ഞു. ഭര്‍ത്താവ് പ്രതിയായാല്‍ ഭാര്യയ്ക്ക് ജീവിക്കേണ്ടെയെന്നും നിയമനം യാദൃശ്ചികമാണെന്നും ബേബി ബാലകൃഷ്ണന് പറഞ്ഞു.
അതേസമയം, പെരിയ ഇരട്ടക്കൊലകേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാആശുപത്രിയില്‍ വഴിവിട്ട നിയമനം നല്‍കിയത് കൊലപാതകരാഷ്ട്രീയത്തിന് വെള്ളവും വളവവും നല്കുന്ന നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സിപിഎമ്മിനു വേണ്ടി കൊലനടത്തുന്നവരെയും അവരുടെ കുടുംബങ്ങളെയും പാര്‍ട്ടിയും സര്‍ക്കാരും എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നതിന് ഉദാഹരണമാണിതെന്നും വി.ഡി.സതീശന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നിയമനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും തദ്ദേശ വകുപ്പ് ഇടപെട്ട് നിയമനങ്ങള്‍ റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതിനിടെ, നിയമനത്തിനെതിരെ ജില്ലാ പഞ്ചായത്തിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി.